WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, ഡിസംബർ 13, 2011

നാശത്തിലേക്കുള്ള ഘോഷയാത്ര


ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ ഭൂചലനങ്ങള്‍പോലും മനുഷ്യമനസ്സുകളില്‍ ഭീതിയുയര്‍ത്തുന്നു. ഏതു നിമിഷവും മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് മഹാദുരന്തത്തിനു കാരണമാകാമെന്നവര്‍ കരുതുന്നു. നിര്‍ണ്ണിതമായ ആയുഷ്കാലവും കഴിഞ്ഞ് 63 വര്‍ഷം കൂടുതല്‍ ഈ ഡാം നിലനിന്നുകഴിഞ്ഞു. നിര്‍മ്മാണത്തിനുപയോഗിച്ച പണ്ടുകാലത്തെ സാങ്കേതിക വിദ്യയും സാധനങ്ങളും ഒട്ടും മോശമല്ലെന്നും തെളിഞ്ഞിട്ടുണ്ട്. പുത്തന്‍ ശാസ്ത്രസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പുതിയൊരു ഡാം നിര്‍മ്മിച്ചാലും അതെത്രകാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. കരാറുകാരും എഞ്ചിനീയര്‍മാരും രാഷ്ട്രീയക്കാരും ആ നിര്‍മ്മാണത്തോട് എത്ര സത്യസന്ധത പുലര്‍ത്തുമെന്നൊന്നും പറയുക വയ്യ. എങ്കിലും അതിവേഗം മറ്റൊരു പുതിയ ഡാം മുല്ലപ്പെരിയാറില്‍ അത്യാവശ്യമാണെന്ന കാര്യം തര്‍ക്കമില്ലാത്തതാണ്. തമിഴ്നാട് സംസ്ഥാനം മലയാളി സഹോദരന്മാരുടെ ആശങ്ക എന്തുകൊണ്ട് പങ്കുവെക്കുന്നില്ലെന്നത് അത്ഭുതാവഹമാണ്. അനേക ലക്ഷം മനുഷ്യജീവന്‍ ദുരന്തത്തില്‍ തകര്‍ന്നാലും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വിജയിച്ചുകാണണമെന്ന മോഹം അവരെ നയിക്കുന്നുവെങ്കില്‍ രാഷ്ട്രീയം എത്ര ഭയാനകമാണ്. ജയലളിതയും കരുണാനിധിയുമൊക്കെ കെട്ടിപ്പൊക്കിയ അധികാരത്തിന്റെയും സാമ്പത്തിക ആര്‍ത്തിയുടെയും ഡാമുകള്‍ പൊട്ടാതെ നിലനില്‍ക്കണമെന്നു മാത്രമെ അവര്‍ക്കുള്ളു എന്നു കരുതാമോ? ""വ്യാപാരമേപാനനമാം വനവേടനുണ്ടോ വ്യാപന്നമായ് കഴുകനെന്ന് കപോതമെന്നും'' പാടിയ കവിവാക്യം ഇവിടെ അന്വര്‍ത്ഥമാകുന്നു.
കാലഹരണപ്പെട്ട് വിണ്ടുകീറിയ ഒരു ഡാം തകരാന്‍ ഭൂകമ്പത്തിന്റെ ആവശ്യമുണ്ടെന്നുപോലും കരുതുന്നത് മൗഢ്യമാണ്. ഒരു ഭൂകമ്പത്തിനാകട്ടെ പുതുപുത്തന്‍ ഡാമുകള്‍ പോലും തകര്‍ക്കാനുള്ള കരുത്തുണ്ടാകുമല്ലോ. മനുഷ്യനിര്‍മ്മിതമായ കൊട്ടാരങ്ങളും അണക്കെട്ടുകളും അംബരചുംബികളായ കെട്ടിടങ്ങളും പ്രകൃതിക്കു മുമ്പില്‍ ചീട്ടുകൊട്ടാരങ്ങള്‍ മാത്രമാണ്. ഭൂഗോളത്തിന്റെ വിവിധ ഭാഗങ്ങളിലായി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്ന ഭൂകമ്പങ്ങളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും വെള്ളപ്പൊക്കങ്ങളും കൊടുങ്കാറ്റും ചുഴലിക്കാറ്റുമൊക്കെ അടുത്തകാലത്തായി തകര്‍ത്തെറിഞ്ഞത് എത്ര ജീവനാണ്. നിലം പൊത്തിയ കെട്ടിടങ്ങള്‍ക്കും പാലങ്ങള്‍ക്കുമൊക്കെ കയ്യും കണക്കുമുണ്ടോ? തീവണ്ടികള്‍ വരെ ഒലിച്ചുപോകുന്നതു നാം കണ്ടു. അഹങ്കാരത്തിന്റെ ഗിരിശൃംഗങ്ങളില്‍ വിരാജിക്കുന്ന മനുഷ്യ ഹൃദയത്തെ അവ കിടിലം കൊള്ളിച്ചു. താല്‍ക്കാലികമായി അവന്റെ വ്യാമോഹങ്ങളുടെ മുനയൊടിക്കുവാന്‍ ആ സംഭവങ്ങള്‍ക്കു കഴിഞ്ഞു. വന്യജീവികളും പറവകളും കൊട്ടാരങ്ങളും ഡാമുകളും പണിയാതിരുന്നതിനാല്‍ അവക്ക് ദുഃഖിക്കേണ്ടി വന്നില്ല. മണിക്കൂറില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സൂര്യനുചുറ്റും പറന്നുകൊണ്ടിരിക്കുന്ന ഒരു മഹാഗോളത്തില്‍ കാലാകാലവും കുടിലുകെട്ടി വസിക്കാമെന്നു കരുതിയ വിഡ്ഢികള്‍ മനുഷ്യര്‍ മാത്രം. അവരുടെ അഹങ്കാരം ആകാശങ്ങളെയും തുളച്ചു കയറുന്നതാണ്. ദൈവം അവര്‍ക്കു കനിഞ്ഞു നല്‍കിയ ജീവിതം അവരുടെ അവകാശമായി അവര്‍ കരുതുന്നു. ജീവിതം ദൈവത്തിന്റെ കാരുണ്യത്തില്‍ നിന്നും അതിരുകളില്ലാത്ത സ്നേഹത്തില്‍ നിന്നും ഉല്‍ഭവിച്ച ദാനം മാത്രമാണ്. ദാനം അതുനല്‍കുന്നവന്റെ കാരുണ്യം മാത്രം. കിട്ടുന്നവന്റെ അവകാശമല്ല. എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും മഹാഗോളങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യനും ചന്ദ്രനും അവക്കെല്ലാം പറന്നു നടക്കാനാവശ്യമായത്ര ശൂന്യതയും സൃഷ്ടിച്ച ദൈവം എത്ര മഹാന്‍. എണ്ണമറ്റ മഹാപ്രപഞ്ചങ്ങളിലെവിടെയോ കറങ്ങികൊണ്ടിരിക്കുന്ന ഈ കുഞ്ഞു ഭൂമിയിലെ ചെറിയ ജീവികള്‍ മാത്രമാണ് മനുഷ്യര്‍. അനേകകോടി ജീവജാലങ്ങളെയും സസ്യലതാദികളെയും നമുക്ക് കൂട്ടിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വായുവും ജലവും അഗ്നിയും ആകാശവും മണ്ണും ചേര്‍ന്നതാണ് അവന്റെ ശരീരം. ആത്മാവാകട്ടെ വിശദീകരിക്കാനാവാത്ത മഹാ ചൈതന്യത്തിന്റെ അംശം തന്നെയാണ്. സൂര്യന്റെ ചൂടും പ്രകാശവും രാത്രിയിലെ പൂനിലാവും ഒഴുകുന്ന നദികളും അലയടിക്കുന്ന കടലുകളും അനന്തമായ ആകാശങ്ങളും തിളങ്ങുന്ന താരകങ്ങളും വര്‍ണ്ണരാജികള്‍ വിതക്കുന്ന മഴവില്ലും മണ്ണില്‍ പടര്‍ന്നു വളരുന്ന ചെടികളും പൂക്കളും പഴവര്‍ഗ്ഗങ്ങളും ധാന്യങ്ങളും മേഘപാളികള്‍ വര്‍ഷിക്കുന്ന മഴയും ദൈവത്തിന്റെ അതിരുകളില്ലാത്ത സ്നേഹദാനമാണ്. ഭൂമിയിലെ ഇടക്കാല ജീവിതം നിറഞ്ഞ സന്തോഷത്തോടെ ആഘോഷമാക്കുവാന്‍ വേണ്ടതെല്ലാം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. എങ്കിലും നാം നന്ദിയുള്ളവരല്ല. ആര്‍ത്തി തീര്‍ന്നവരുമല്ല. നമ്മുടെ ജീവന്‍ തിരിച്ചെടുക്കപ്പെടുന്നതുവരെയും വായില്‍ മണ്ണു കേറുന്നതുവരെയും അതിരുകളില്ലാത്ത ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി ലക്ഷ്യമില്ലാതെ എല്ലാം മറന്ന് ഓടുകയാണ് മനുഷ്യര്‍. ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ജീവിത ചൈതന്യവും ആനന്ദവും നാം കാണുന്നില്ല. മറ്റെങ്ങോ അവയെല്ലാം ഉണ്ടെന്ന മട്ടിലുള്ള പ്രയാണത്തിന്റെ വഴിയില്‍ നാം സ്വന്തമായി ചില സൃഷ്ടികള്‍ നടത്തുകയാണ്. ശാന്തമായ ഈ ജീവിതത്തിന്റെ ഒഴുക്കു തകര്‍ക്കുകയാണ്. ഒടുങ്ങാത്ത ദുര ശമിച്ചു കിട്ടാനായി ജീവിതത്തിന്റെ തന്നെ ചുര മാന്തുകയാണ്. സ്വാര്‍ത്ഥതയുടെയും ദുരഭിമാനത്തിന്റെയും അഹങ്കാരത്തിന്റെയും കൊടുമുടിയില്‍ കയറി അട്ടഹസിക്കുകയാണ്. യുദ്ധങ്ങളും ആക്രമങ്ങളും കെട്ടഴിച്ചു വിടുകയാണ്. എല്ലാം ചുട്ടുകരിക്കുന്ന ആയുധങ്ങള്‍ കുന്നുകൂട്ടുകയാണ്. സത്യവും നീതിയും സാഹോദര്യവും ശാശ്വതമായ മൂല്യങ്ങളും പിച്ചിച്ചീന്തുകയാണ്. ഒന്നുകൊണ്ടും മതിവരാതെ ഏതു വിഷവും മോന്തുകയും ഏതു പെണ്ണിനെയും കടന്നുപിടിക്കുകയും ഏതു പൂക്കളെയും തല്ലിക്കൊഴിക്കുകയും ഏതു മരങ്ങളെയും വെട്ടിവീഴ്ത്തുകയും ഏതു ജലവും അശുദ്ധമാക്കുകയും ഏതു മണ്ണും കൈവശപ്പെടുത്തുകയും, ഏതു സഹോദരനെയും കൊന്നൊടുക്കുകയും ചെയ്യുന്ന നീചരായി നാം അധഃപതിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് ചവിട്ടിനില്‍ക്കാന്‍ ഒരിടമായി തീര്‍ന്ന ഭൂഗോളത്തിന്റെ ഏതു ഭാഗവും ആഴത്തില്‍ തുരന്ന് സ്വര്‍ണ്ണവും വെള്ളിയും ലോഹങ്ങളും എണ്ണയും മോഷ്ടിക്കുകയാണ്. അവ പങ്കുവയ്ക്കുവാന്‍ പരസ്പരം കടിച്ചുകീറുകയാണ്. ഏതു നദികളെയും തടഞ്ഞുനിര്‍ത്തി അതിലെ ജലസമ്പത്തിനെ നമ്മുടെ വഴിയിലൂടെ ആട്ടിത്തെളിക്കുകയാണ്. ഈ പ്രവൃത്തികള്‍ക്കൊന്നും ഒരു പ്രത്യാഘാതവും ഉണ്ടാവുകയില്ലെന്നാണോ കരുതുന്നത്.
കൊട്ടും മുട്ടും കുഴല്‍വിളിയും വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളും അട്ടഹാസങ്ങളും കൊലവിളിയും കൊണ്ട് ഈ ജീവിതയാത്ര മുഖരിതമാണ്. നരകത്തിന്റെ വാതില്‍ തേടിയുള്ള ഈ യാത്ര ലക്ഷ്യത്തോട് അടുത്തെത്തിക്കഴിഞ്ഞു. ഈ മഹാബഹളങ്ങളും പ്രകോപനങ്ങളും കൊണ്ട് അസ്വസ്ഥമായ ഭൂമി ഇളകി മറിയുകയാണ്. അസഹനീയമായ കാഴ്ചകളാല്‍ സൂര്യന്‍ കണ്ണുചിമ്മുകയാണ്. കാലാവസ്ഥ മാറിമറിയുകയാണ്. എത്രപറഞ്ഞാലും അനുസരിക്കാത്ത മക്കളെ നേര്‍വഴിക്കു നടത്താന്‍ ഭൂമി അതിന്റെ വഴികള്‍ തേടുകയാണ്. തന്റെ ശരീരം കുത്തിമുറിവേല്‍പിക്കുന്ന മനുഷ്യചെള്ളുകളെ കുടഞ്ഞെറിയാന്‍ ഭൂമി വെമ്പല്‍ കൊള്ളുകയാണ്. ഇനിയുമെത്രയോ ഭൂകമ്പങ്ങള്‍ നമ്മെ കാത്തിരിക്കുകയാണ്. മഹാമാരികളും കൊടുങ്കാറ്റും പേമാരികളും രോഗങ്ങളും മനുഷ്യകരങ്ങളാല്‍ വിതക്കുന്ന നാശങ്ങളും യുദ്ധങ്ങളും നമ്മെ തുറിച്ചു നോക്കുന്നു. എല്ലാം തകര്‍ത്തെറിഞ്ഞു സ്വയം ശുദ്ധീകരിക്കപ്പെടാന്‍ ഭൂമി ആഗ്രഹിക്കുന്നു. അശുദ്ധമായ ഒരു ഗ്രഹം അതാഗ്രഹിക്കാതിരിക്കുമോ. പ്രകൃതി നിയമം തന്നെ അതാണ്. നാം മലിനമാക്കുന്ന ജലവും വായുവും മണ്ണും സദാശുദ്ധീകരിച്ചു നമുക്ക് തിരിച്ചു തന്നുകൊണ്ടിരിക്കുന്ന ഈ ആവാസ വ്യവസ്ഥക്ക് അതു ചെയ്യാതിരിക്കാനാവില്ല. അതിനുപോലും പ്രകൃതിക്ക് സാധ്യമാവാതെ വരുമ്പോള്‍ ഈ വ്യവസ്ഥയെ അശുദ്ധമാക്കുന്ന ജീവജാലങ്ങളെ തകര്‍ത്തുകളയുകയും വീണ്ടുമൊരു സൃഷ്ടിക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം. ശാസ്ത്രവും സാങ്കേതിക വിദ്യകളും മഹാ പണ്ഡിതന്മാരുടെ അറിവുകളും ഇന്നേവരെ സമ്പാദിച്ചു കുന്നുകൂട്ടിയ ധനവും അതിനെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമാവില്ല. സമ്പത്തും സന്തതിപരമ്പരകളും ഭരണ പ്രതിപക്ഷങ്ങളും അവരുടെ ആയുധ ശേഖരങ്ങളും പ്രകൃതിയുടെ മുമ്പില്‍ നിസ്സാരമാണ്. കരച്ചിലും പിഴിച്ചിലും ദീനരോദനങ്ങളും ഒട്ടും വിലപോകാത്ത നാളുകള്‍ വന്നിരിക്കുന്നു. ദുരന്തങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ നമുക്കാവുന്നതെല്ലാം ചെയ്യേണ്ടതുതന്നെ. അതിനായി ഹര്‍ത്താലുകളും ആചരിക്കാം. സര്‍ക്കാറുകളെ നിശ്ചലമാക്കുന്ന ജനജീവിതം സ്തംഭിപ്പിക്കുന്ന ബന്ദുകള്‍ പരിഹാരമുണ്ടാക്കുമെങ്കില്‍ നമുക്കവ ഇനിയും നടത്താം. ഒന്നോ രണ്ടോ ഭരണാധികാരികളുടെ അടഞ്ഞുപോയ കണ്ണുകള്‍ അതുകൊണ്ടു തുറക്കുമെങ്കില്‍ അതാവട്ടെ. നിസ്സഹായരായ മനുഷ്യരുടെ അവസാനത്തെ പിടിവള്ളിയും കൈവിടാന്‍ അവരോട് പറഞ്ഞുകൂടല്ലോ.
എല്ലാം എന്നേക്കുമായി നിശ്ചലമാക്കുന്ന ഒരു മഹാ ഹര്‍ത്താല്‍ വരാനുണ്ടെന്ന് മറക്കണ്ട. നാശത്തിലേക്കുള്ള ലോകത്തിന്റെ ഈ ഘോഷയാത്രയെ ഉപേക്ഷിച്ച് കൂട്ടംകൂട്ടമായി നമുക്ക് മടങ്ങാനാവില്ല. ആരും മറ്റേയാളെ മടങ്ങാന്‍ അനുവദിക്കില്ല. നരകവാതിലുകള്‍ വരെ നമ്മെ എത്തിക്കുവാന്‍ പ്രത്യേകം സംഘങ്ങളെ നാംതന്നെ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. നമ്മുടെ ചങ്ങലകള്‍ അവരുടെ കരങ്ങളിലാണ്. നാം ബന്ധനസ്ഥരാണ്. അതിനാല്‍ ബോദ്ധ്യമായവര്‍ ചങ്ങലകള്‍ പൊട്ടിച്ച് ഒറ്റക്കു തിരിഞ്ഞു നടക്കട്ടെ!

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക