WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, ജൂലൈ 25, 2011

യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തിലെ 11 പേര്‍ പിടിയില്‍


തിരൂരങ്ങാടി: കക്കാട് പെട്രോള്‍പമ്പില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘത്തിലെ 11 പേരെ പോലീസ് പിടികൂടി. മേപ്പാടിയിലെ പച്ചക്കാട് മുത്തുമലയില്‍ എസ്റ്റേറ്റിലെ ഏറ്റവും മുകളിലുള്ള ഷെഡ്ഡില്‍ താമസിച്ചിരുന്ന പ്രതികളെയാണ് അവിടെയെത്തി സാഹസികമായി പിടിച്ചത്.
കൊയിലാണ്ടി ഖാദര്‍ എന്നറിയപ്പെടുന്ന വേങ്ങരയിലെ വി.യു. ഖാദര്‍ (54), മഞ്ചേരി മേലാക്കം കെ.പി. ജംഷീര്‍ (28), കൊഴിഞ്ഞി തോട്ടത്തില്‍ ശിഹാബുദ്ദീന്‍ (25), കുന്നതൊടി വേങ്ങര ഉവൈസ്, താമരശ്ശേരി പരപ്പന്‍പൊയില്‍ മേടോത്ത് നിസ്സാര്‍ (30) എസ്റ്റേറ്റ് ഉടമ എം. ഉണ്ണി എന്ന ഉണ്ണികൃഷ്ണന്‍ (40), മേപ്പാടിയിലെ ബോസ് എന്ന് വിളിക്കുന്ന അബാസ് (45), മേപ്പാടിയിലെ കെ.സി. സുനില്‍ (34), കൊന്നലത്ത് മുജീബ് (24), ഷാജി എന്ന ഷാജഹാന്‍ മമ്പാട് (26), എ .അഷ്‌റഫ് മാനന്തവാടി എന്നിവരെയാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ദേശീയപാതയില്‍ കക്കാട് പെട്രോള്‍പമ്പിന് സമീപത്താണ് സംഭവം. പമ്പിലെത്തിയ തിരൂരങ്ങാടി സ്വദേശി തടത്തില്‍ അബ്ദുള്‍കരീമിനെ (40) യാണ് പച്ചനിറത്തിലുള്ള കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
വി.യു. ഖാദറിന്റെ കുഴല്‍പ്പണം നഷ്ടപ്പെടുവാന്‍ കാരണക്കാരന്‍ അബ്ദുള്‍കരീമാണെന്ന നിഗമനത്തിലാണ് ഖാദര്‍ തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. കരീമിനെ താമരശ്ശേരി വരെ എത്തിക്കുന്നതിന് മൂന്നരലക്ഷം രൂപ നല്‍കി ക്വട്ടേഷന്‍ സംഘത്തെ ഇയാള്‍ ഏര്‍പ്പാടാക്കി.
ക്വട്ടേഷന്‍സംഘം കരീമിനെ താമരശ്ശേരിയിലെത്തിച്ച് ഖാദറിന് കൈമാറി. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച വാടക കാറിന്റെ ഡ്രൈവറുടെയും സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് പ്രതികളെ കുടുക്കിയത്. തിരൂരങ്ങാടി സി.ഐ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമാണ് പ്രതികളെ പിടിച്ചത്.
വയനാട് മേപ്പാടി പച്ചക്കാട് മുത്തുമല എസ്റ്റേറ്റില്‍ ഏലക്കാട്ടില്‍ ഏറ്റവും മുകളിലുള്ള ഷെഡിലായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മലയുടെ ഒരുകിലോമീറ്റര്‍ താഴെ വാഹനത്തിലെത്തിയ പോലീസ് സംഘം ചെങ്കുത്തായമല കയറിയാണ് മേപ്പാടി പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടിച്ചത്. നെപ്പോളിയനെന്ന പോലീസുകാരന് ഇതിനിടയില്‍ പരിക്കേറ്റു. ഇയാള്‍ ചികിത്സതേടി. മലപ്പുറം എസ്.പി. സേതുരാമന്റെ നിര്‍ദേശത്തിലായിരുന്നു പോലീസ് നടപടികള്‍. സംഘത്തില്‍ എസ്.ഐ കെ. ശ്രീകുമാര്‍, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത് തുടങ്ങിയവരുമുണ്ടായിരുന്നു. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക