WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

എല്ലാം 'മേഘ'ത്തിലൊതുക്കി സാംസങ് ക്രോംബുക്ക്‌

-പി.എസ്.രാകേശ്




ഓരോ പുതിയ ഗാഡ്ജററ് വിപണിയിലെത്തുമ്പോഴും വ്യത്യസ്തമായി എന്താണതില്‍ ഉള്ളത് എന്നാവും എല്ലാവരും ആദ്യമന്വേഷിക്കുക. എന്നാല്‍ 'ഉള്ളിലൊന്നുമില്ലാതെ' പുറത്തിറങ്ങിയ ഒരു ലാപ്‌േടാപ്പിനെക്കുറിച്ചാണ് ഇന്ന് ടെക്‌ലോകം ചര്‍ച്ചചെയ്യുന്നത്.

ഹാര്‍ഡ്ഡിസ്‌കോ സോഫ്ട്‌വേറുകളോ ഓപ്പറേറ്റിങ് സിസ്റ്റമോ ഇല്ലാത്ത ലാപ്‌ടോപ്പിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ, അതാണ് ഈ ഉപകരണം. സാംസങ് ക്രോംബുക്ക് എന്ന ഈ ലാപ്‌ടോപ്പ് പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ (ക്രോം ഒഎസ്) സഹായത്താലാണ്.



വരും വരും എന്ന് ഏറെക്കാലമായി കേട്ടു തുടങ്ങിയ ഗൂഗിളിന്റെ ഈ സ്വപ്‌നപദ്ധതി ആദ്യമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നത് സാംസങ് ലാപ്‌ടോപ്പില്‍. ക്രോം ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സാംസങ് സീരീസ് 5 ലാപ്‌ടോപ്പ് കഴിഞ്ഞയാഴ്ച വിപണിയിലെത്തി.

വെറുമൊരു ലാപ്‌ടോപ്പല്ല ക്രോംബുക്ക്. ഇതുവരെയിറങ്ങിയ എല്ലാ ലാപ്‌ടോപ്പുകളില്‍ നിന്നും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്നും അടിമുടി വ്യത്യസ്തമാണിത്. ക്രോംബുക്കിനു മുമ്പും പിമ്പും എന്ന നിലയ്ക്കായിരിക്കും ഒരുപക്ഷേ ഇനി പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ചരിത്രം തന്നെ!

മുഴുവന്‍ സമയവും ഓണ്‍ലൈനായിരിക്കാന്‍ പറ്റുന്നവര്‍ക്ക് മാത്രമുള്ളതാണ് ക്രോംബുക്ക്
. ഹാര്‍ഡ് ഡിസ്‌കില്ലാത്തതിനാല്‍ പ്രോഗ്രാമുകളൊന്നും ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റില്ല. ഒരു ഫയലോ ഫോള്‍ഡറോ പോലും ലാപ്‌ടോപ്പില്‍ സൂക്ഷിക്കാനുമാകില്ല. ആവശ്യമുള്ള പ്രോഗ്രാമുകള്‍ നെറ്റിലൂടെ വിളിച്ച് ജോലികള്‍ െചയ്യാം. ഫയലുകളും ഫോള്‍ഡറുകളുമെല്ലാം ഓണ്‍ലൈന്‍ സെര്‍വറുകളിലാകും സൂക്ഷിക്കപ്പെടുക.




ഇതുകൊണ്ടുള്ള മെച്ചങ്ങള്‍ പലതാണെന്ന് ക്രോംബുക്കിന്റെ നിര്‍മാതാക്കള്‍ എണ്ണിയെണ്ണി പറയുന്നു. ഹാര്‍ഡ് ഡിസ്‌ക് ഇല്ലാത്തതിന്റെ പ്രധാനഗുണം ലാപ്‌ടോപ്പിന്റെ ഭാരക്കുറവ് തന്നെ. ഒന്നരകിലോഗ്രാം മാത്രമേ ഈ ലാപ്‌ടോപ്പിനു തൂക്കമുള്ളൂ. ഇതില്‍ ആകെയുള്ളത് ഒരു ആറ്റം N570 1.66 Ghz ഡ്യുവല്‍കോര്‍ പ്രോസസര്‍ മാത്രം. ഹാര്‍ഡ്ഡിസ്‌ക് ഇല്ലാത്തതിനാല്‍ ക്രോംബുക്കിന്റെ ബാറ്ററി ആയുസ്സും ഏറും. ഒരുതവണ ചാര്‍ജ് ചെയ്താല്‍ 8.5 മണിക്കൂര്‍ തുടര്‍ച്ചയായി ഇതു പ്രവര്‍ത്തിപ്പിക്കാമെന്ന് സാംസങ് അവകാശപ്പെടുന്നു.

ഓപ്പറേറ്റിങ് സിസ്റ്റം ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തതിനാല്‍ വൈറസുകളെയോ സ്‌പൈവേറുകളെയോ പേടിക്കേണ്ട. ഇടയ്ക്കിടയ്ക്ക് സിസ്റ്റം ഫോര്‍മാറ്റ് ചെയ്യുകയും വേണ്ട, സോഫ്ട്‌വേറുകള്‍ അപ്‌ഡേറ്റ് ചെയ്തു കാശു കളയേണ്ട ഗതികേടുമില്ല. ഓപ്പറേറ്റിങ് സിസ്റ്റം ഇല്ലാത്തതിനാല്‍ സാധാരണകമ്പ്യൂട്ടറുകളിലേതുപോലെ രണ്ടു മിനുട്ട് നീളുന്ന ബൂട്ടിങ് പ്രക്രിയയും ക്രോംബുക്കിലില്ല. സിസ്റ്റം ഓണാക്കി 12 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് ക്രോംബുക്കില്‍ ജോലി തുടങ്ങാം.

കഷ്ടകാലത്തിനു ക്രോംബുക്ക് മോഷണം പോയാലും ഒരു തരി ഡാറ്റ പോലും അതില്‍ ഇല്ലാത്തതിനാല്‍ ദുരുപയോഗത്തെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെടേണ്ട. മറ്റൊരു ക്രോംബുക്കില്‍ ലോഗിന്‍ ചെയ്ത് നമ്മുടെ എല്ലാ ഫയലുകളും ഉപയോഗിക്കുകയുമാകാം.

രണ്ടു യു.എസ്.ബി. ജാക്കുകള്‍, വെബ്കാം, മെമ്മറി കാര്‍ഡ് സ്‌ലോട്ട്, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ക്രോംബുക്കിലുണ്ട്. എന്നാല്‍ ബ്ലൂടൂത്ത്, ഡി.വി.ഡി. ഡ്രൈവ് എന്നിവയൊന്നും ഇതിലില്ല.

പെന്‍ഡ്രൈവ് കണക്ട് ചെയ്താല്‍ അതിലുള്ളതെല്ലാം വെബ്ബ്രൗസറില്‍ തെളിഞ്ഞുവരും. അതിലെ ഫയല്‍ ഡെസ്‌ക്‌ടോപ്പിലേക്ക് കോപ്പി ചെയ്യാമെന്നു കരുതിയാല്‍ നടപ്പില്ല. കാരണം ലളിതം, ക്രോംബുക്കിനൊരു ഡെസ്‌ക്‌ടോപ്പ് ഇല്ലെന്നതുതന്നെ. ആവശ്യമുള്ള ഫയലുകള്‍ ക്ലൗഡില്‍ തന്നെ സേവ് ചെയ്യണമെന്നര്‍ഥം. ക്രോം വെബ്ബ്‌സ്റ്റോറിലുള്ള ആയിരത്തിലേറെ പ്രോഗ്രാമുകളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യമുള്ളതിനാല്‍ സ്വന്തമായി സോഫ്ട്‌വേറിന്റെ ആവശ്യം വരില്ലെന്നാണ് ക്രോംബുക്കിന്റെ മുതലാളിമാര്‍ പറയുന്നത്.




കേള്‍ക്കുമ്പോള്‍ ഒട്ടേറെ സൗകര്യങ്ങളും പുതുമകളുമുണ്ടെങ്കിലും പ്രായോഗികതലത്തില്‍ ക്രോംബുക്കിന് പ്രശ്‌നങ്ങള്‍ ഏറെയാണ് എന്നു പറയാതെവയ്യ. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇതു വെറും പേപ്പര്‍വെയിറ്റിനു സമമാകും എന്നതാണ് പ്രധാന ന്യൂനത. ഓഫ്‌ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഒറ്റ ആപ്ലിക്കേഷന്‍ പോലും നിലവില്‍ ക്രോംബുക്കിലില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ ഓഫ്‌ലൈന്‍ ആപ്ലിക്കേഷന്‍സ് വരാനുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. നടന്നെങ്കില്‍ നടന്നു. സിലിക്കണ്‍വാലി പോലെ മുഴുവന്‍ പ്രദേശവും വൈഫൈ കണക്ടിവിറ്റിയുള്ള ഹൈടെക് ഇടങ്ങളില്‍ മാത്രമേ ക്രോംബുക്കിനെകൊണ്ടു ഗുണമുള്ളൂ എന്നര്‍ഥം. ദിവസത്തില്‍ പത്തുതവണയെങ്കിലും നെറ്റ്കണക്ഷന്‍ ഡൗണാകുന്ന നമ്മുടെ നാട്ടില്‍ ക്രോംബുക്ക് കൊണ്ട് എന്തുകാര്യം എന്ന് കണ്ടറിയണം. പെട്ടെന്ന് നെറ്റ്കണക്ഷന്‍ ഇല്ലാതായാല്‍ ഒരു ഫയലും തുറക്കാനാകാതെ കഷ്ടപ്പെടും.

ഫോട്ടോഷോപ്പോ, സ്‌കൈപ്പോ അടക്കമുള്ള ഒരു സോഫ്റ്റുവെയറുകളും ഈ കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കില്ല.

ക്ലൗഡ് സംവിധാനത്തില്‍ നമ്മുടെ ഫയലുകളും മറ്റു രഹസ്യങ്ങളും സൂക്ഷിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന പ്രശ്‌നവും ഉയരുന്നുണ്ട്. ഓരോ ദിവസവും നെറ്റ്ഹാക്കിങിന്റെ പുതിയകഥകളാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും വരുന്നത്. അരൂപിയായ ക്ലൗഡ് സംവിധാനത്തിലേക്കാള്‍ സ്വന്തം കമ്പ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്‌കില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് കരുതുന്നവരായിരിക്കും ഏറെപ്പേരും.

വിലയുടെ കാര്യത്തിലും ക്രോംബുക്ക് ആരാധകരെ നിരാശപ്പെടുത്തുന്നു. ഏതാണ്ട് അഞ്ഞൂറു ഡോളറാണ് ഈ ലാപ്‌േടാപ്പിന്റെ വില. ഈ വിലയ്ക്ക് എല്ലാസംവിധാനങ്ങളും കൂടിയ മറ്റുകമ്പനികളുടെ ലാപ്‌ടോപ്പ് ലഭിക്കാനുണ്ടെന്നോര്‍ക്കുക.

ഏതായാലും ഒരുകാര്യം പറയാതെ വയ്യ, പുതിയൊരു സമീപനമാണ് ക്രോംബുക്കിലേത്, പുതിയൊരു തുടക്കവും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക