WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, ജൂലൈ 19, 2011

ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍ പണം ചോദിച്ചെന്ന് ആരോപണം; ജന.ആസ്‌പത്രി സംഘര്‍ഷഭരിതം


മഞ്ചേരി: രോഗിക്ക് വേണ്ട ശസ്ത്രക്രിയാ ഉപകരണത്തിന് സ്വകാര്യ കമ്പനിയോടൊത്ത് ഡോക്ടര്‍ വില പേശിയെന്ന് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ജനറല്‍ ആസ്​പത്രിയിലേക്ക് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തിയ പ്രകടനം ആസ്​പത്രി പരിസരം സംഘര്‍ഷഭരിതമാക്കി.
ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോപണ വിധേയനായ ഡോ.മുഹമ്മദ് ബഷീറിനെ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.കുമാരി പ്രേമജ സസ്‌പെന്‍ഡ് ചെയ്തു.

തിങ്കളാഴ്ച രാവിലെ 11ഓടെയാണ് സംഭവങ്ങളുടെ തുടക്കം.കരുവാരകുണ്ട് സ്വദേശി വെളുത്തേടത്ത് മുഹമ്മദിന്റെ കാലില്‍ കമ്പിയിടുന്നതിനായി ഓര്‍ത്തോവിഭാഗം ഡോക്ടര്‍ ഏജന്റുവഴി 7000 രൂപ ചോദിച്ചെന്ന് ആരോപിച്ചാണ് യൂത്ത്‌ലീഗ്, യൂത്ത്‌കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ആസ്​പത്രിയില്‍ ഉപരോധം സംഘടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ചില ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കണമെന്ന അലിഖിത നിയമത്തെക്കുറിച്ച് മുമ്പ് മാധ്യമങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കഴിഞ്ഞദിവസം സ്വകാര്യ ചാനല്‍ പ്രക്ഷേപണംചെയ്തതോടെയാണ് പ്രതിഷേധവുമായി യുവജനസംഘടനകള്‍ എത്തിയത്.

തുടക്കത്തില്‍ അമ്പതോളം യൂത്ത്‌ലീഗ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. പിന്തുണയുമായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും പിന്നീടെത്തി. ഇവര്‍ മുദ്രാവാക്യംമുഴക്കി ആസ്​പത്രിയുടെ പ്രവേശന വാതില്‍ ഉപരോധിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പ്രകടനമായി എത്തി. ഇവര്‍ ആസ്​പത്രിക്കുള്ളില്‍ ഓഫീസിലേക്കുള്ള ഇടനാഴിയില്‍ പ്രതിഷേധവുമായി ഇരുന്നു. ഇവരെ പുറത്തിറക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് യുവജനസംഘടനകള്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രധാന കവാടത്തിലെ ഷട്ടര്‍ ബലമായി തള്ളിത്തുറന്ന് അമ്പതോളം പ്രവര്‍ത്തകര്‍ പോലീസിനെ തട്ടിമാറ്റി അകത്തേക്ക് കുതിച്ചു. ഒ.പി ടിക്കറ്റിനായി കാത്തുനിന്ന നൂറുകണക്കിന് രോഗികള്‍ പരിഭ്രാന്തരായി ചിതറി ഓടി. ഓഫീസിനു മുന്നിലെ ഷട്ടര്‍ അടച്ച് പോലീസ് പ്രവര്‍ത്തകരെ പ്രതിരോധിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് ആസ്​പത്രിയുടെ ഉള്ളില്‍നിന്ന് പുറത്തിറക്കി.

എ.ഡി.എം. ടി. വാസുദേവന്‍, തഹസില്‍ദാര്‍ സക്കറിയ, ഡെപ്യൂട്ടി ഡി.എം.ഒ സി. സക്കീന തുടങ്ങിയവര്‍ സ്ഥലത്തെത്തി രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ചനടത്തി. ചര്‍ച്ച നടക്കുമ്പോള്‍ സോളിഡാരിറ്റി പ്രവര്‍ത്തകരും പ്രകടനമായെത്തി. പ്രകോപനപരമായി മുദ്രാവാക്യവും മുഴക്കി. കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തിയതോടെ ആസ്​പത്രി പരിസരം സംഘര്‍ഷമുഖരിതമായി. മലപ്പുറത്തുനിന്ന് കൂടുതല്‍ പോലീസ് രംഗത്തെത്തി. ഇതിനിടെ ചര്‍ച്ചയ്ക്കിടയില്‍ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മര്യാദയില്ലാതെ സംസാരിച്ചുവെന്നാരോപിച്ച് ഒരുസംഘം അവരെ കൈയേറ്റംചെയ്യാനൊരുങ്ങി. ഡോക്ടര്‍മാര്‍ക്ക് പിന്നാലെ പാഞ്ഞ ഇവരെ നേതാക്കളും പോലീസും ഇടപെട്ട് ഒരുവിധം ശാന്തരാക്കി.

എ.ഡി.എം ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. നാലുമണിക്കൂറോളം നീണ്ട സംഘര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് അതോടെ അയവുവന്നു.

ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രദീപ്കുമാര്‍, ഡി.സി.സി സെക്രട്ടറി പറമ്പന്‍ റഷീദ്, മുസ്‌ലിംലീഗ് നേതാക്കളായ വല്ലാഞ്ചിറ മുഹമ്മദലി, അബ്ദുള്‍മജീദ്, നാസര്‍ മുള്ളമ്പാറ, ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി വി.പി. അനില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക