WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, ജൂലൈ 01, 2011

യു.എ.ഇ കോണ്‍സുലേറ്റ്: സഫലമായത് മലയാളികളുടെ സ്വപ്നം

യു.എ.ഇ കോണ്‍സുലേറ്റ്: സഫലമായത് മലയാളികളുടെ സ്വപ്നം
യു.എ.ഇ. കോണ്‍സുലേറ്റ് കേരളത്തില്‍ തുടങ്ങാനുള്ള തീരുമാനം ദക്ഷിണേന്ത്യയിലെ ലക്ഷക്കണക്കിന് തൊഴിലന്വേകര്‍ക്കും പ്രവാസികള്‍ക്കും ശുഭപ്രതീക്ഷയായി. ജോലി, വിസ സംബന്ധമായ രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍ വേഗത്തിലാക്കുന്നതിനും അത്യാവശ്യഘട്ടങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്നതിനും ഇത് സഹായകമാവും.
മുസ്്ലിംലീഗിന്റെയും കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെയും ദീര്‍ഘകാലത്തെ സ്വപ്നമാണ് യു.എ.ഇ. സര്‍ക്കാരിന്റെ നടപടിയിലൂടെ സാക്ഷാത്കരിച്ചത്. വര്‍ഷങ്ങളായുള്ള ഈ ആവശ്യം ഇതുവരെ നടപ്പായിരുന്നില്ല. കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ താല്‍പര്യ പ്രകാരം കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. യു.എ.ഇ. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹിയാനുമായി ഇക്കാര്യം അഭ്യര്‍ത്ഥിച്ചപ്പോള്‍ കേരളത്തിന്റെ ആഗ്രഹത്തോട് അദ്ദേഹം അനുകൂലമായി

പ്രതികരിക്കുകയായിരുന്നു. കോണ്‍സുലേറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹിയിലെ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. വൈകാതെ സ്ഥാപനം തുടങ്ങുമെന്നാണ് കരുതുന്നത്. 

യു.എ.ഇ.യിലെ മലയാളികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് വേഗത്തിലും കൃത്യമായും വിവരങ്ങള്‍ ലഭ്യമാകുന്നതിന് കോണ്‍സുലേറ്റ് സഹായിക്കും. കേരളത്തിനുപുറമേ അയല്‍സംസ്ഥാനങ്ങള്‍ക്കും ഇനി മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പോകേണ്ട സാഹചര്യം വരില്ല. യു.എ.ഇ.യിലെ വിവിധ രാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താന്‍ മുംബൈയിലെ കോണ്‍സുലേറ്റിലോ ഡല്‍ഹിയിലെ എംബസിയിലോ ആണ് ഇപ്പോള്‍ പോവേണ്ടത്. ബിസിനസ്സ് സംബന്ധിച്ച രേഖകളും സാക്ഷ്യപ്പെടുത്താന്‍ ഇതേ പ്രയാസം ഇപ്പോള്‍ നേരിടുന്നുണ്ട്. സംരംഭകരും ഉദ്യോഗാര്‍ത്ഥികളും ഏജന്‍സികളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. കേരളത്തിലെ തൊഴിലന്വേകര്‍ക്ക് വലിയ നേട്ടമാണ് കോണ്‍സുലേറ്റ് വരുന്നതിലൂടെ ഉണ്ടാവുക. യു.എ.ഇ.യിലെ വിവിധ തൊഴില്‍ സാധ്യതകളുടെ വിവരങ്ങള്‍ യഥാസമയം സംസ്ഥാനത്തിന് ലഭ്യമാവും. കേരളത്തിന്റെ ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ പശ്ചാത്തലങ്ങള്‍ കൂടുതല്‍ ബോധ്യപ്പെടാന്‍ ഇത് സഹായിക്കും. ടീകോമിനെപ്പോലെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും അവസരമുണ്ടാവും. അതിലൂടെ സംസ്ഥാനത്തിന് സാമ്പത്തിക നേട്ടവും തൊഴില്‍ നേട്ടവും പ്രതീക്ഷിക്കാം. കേരളത്തിലെ ടൂറിസത്തിനും കോണ്‍സുലേറ്റ് പുതുമോടി നല്‍കും. യു.എ.ഇ.യില്‍നിന്ന് കൂടുതല്‍ പേരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാവും. യു.എ.ഇ.യിലെ പാവപ്പെട്ടവര്‍ക്ക് സബ്സിഡി നിരക്കില്‍ വിദഗ്ധ ചികില്‍സക്ക് അവിടുത്തെ സര്‍ക്കാര്‍ സൗകര്യം ചെയ്യാറുണ്ട്. അത് പ്രയോജനപ്പെടുത്താനും കേരളത്തിലെ മെഡിക്കല്‍ ടൂറിസം മെച്ചപ്പെടുത്താനും അവസരം കൈവരും. കേരളത്തിലെയും മറ്റും തൊഴിലാളികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കുന്നതിനും വേഗത്തില്‍ പരിഹരിക്കുന്നതിനും കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഉപകരിക്കും. കേരളത്തിലെയും ദുബായ്, അബുദാബി, റാസല്‍ഖൈമ, അല്‍എെന്‍, ഷാര്‍ജ, ഫുജൈറ തുടങ്ങിയ രാജ്യങ്ങളിലെയും വാണിജ്യ, വ്യവസായ സംഘടനകളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വഴിയൊരുക്കും. കേരളവും യു.എ.ഇ.യും തമ്മിലുള്ള അടുപ്പം ആത്മബന്ധമായി മാറുന്നതിനുള്ള കളമാണ് കോണ്‍സുലേറ്റ് ഒരുക്കുന്നത്.
(posted  by  muhammed chittangadan)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക