WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, ജൂൺ 14, 2011

ബംഗാള്‍ മുസ്്ലിംകള്‍ എന്തുകൊണ്ട് മാറിച്ചിന്തിച്ചു( posted by- muhammed chittangadan)

ബംഗാള്‍ മുസ്്ലിംകള്‍ എന്തുകൊണ്ട് മാറിച്ചിന്തിച്ചു
പശ്ചിമ ബംഗാളിലെ പൊതുജനം രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ചിരിക്കുന്നു.
അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏത്്് നേതാവിനേയും ഇരുകൈയും നീട്ടി
സ്വീകരിക്കാനും ഒരു പാര്‍ട്ടിയുടെ വോട്ടുബാങ്കുകളായി അധഃപതിക്കാനും ഇനി
തങ്ങളെ കിട്ടില്ലെന്ന് വംഗനാട്ടുകാര്‍ പ്രഖ്യാപനം നടത്തുന്നതായിരുന്നു
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.
ആനുകൂല്യങ്ങള്‍ പാര്‍ട്ടി അംഗങ്ങളിലും അനുഭാവികളിലും മാത്രമെത്തുന്ന
സംവിധാനമാണ് ഇടതുപക്ഷ മുന്നണി ബംഗാളില്‍ സൃഷ്ടിച്ചത്. ക്രമാതീതമായ
അഴിമതിയും തനിധാര്‍ഷ്ട്യവും കൊണ്ടുനടന്ന ഭരണകര്‍ത്താക്കള്‍ പാര്‍ട്ടി
പിണിയാളുകളെ സമൃദ്ധിയുടെ സംഘമാക്കി. വിഖ്യാത മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ
അക്ബറിന്റെ വാക്കുകളില്‍ പറഞ്ഞാല്‍: ''കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 34
വര്‍ഷത്തെ ഏകപക്ഷീയ തുടര്‍ ഭരണം ജനങ്ങളെ പാര്‍ട്ടി ഹിതത്തിന്റെ
പണിക്കോപ്പുകളാക്കിയിരിക്കുന്നു.
പാരിതോഷികവും ദണ്ഡനവുമൊക്കെ പാര്‍ട്ടി ദക്ഷിണ. പ്രവര്‍ത്തകരും
അല്ലാതെയുമായി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണംകൂട്ടുന്ന
ആള്‍പിടിയന്മാര്‍ എല്ലാവിധ ആശീര്‍വാദങ്ങളും അനുഭവിച്ചു. മറ്റുള്ളവര്‍
പാര്‍ട്ടിപൊലീസ് കൂട്ടുകെട്ടില്‍ പിറന്ന പരുക്കന്‍ അധികാരത്തിന്റെ
ഇരകളായി. വളര്‍ച്ച നിയന്ത്രിക്കുന്നത്് സമാന്തര ഉദ്യോഗസ്ഥവൃന്ദങ്ങളായതോടെ
സര്‍ക്കാരും പ്രമാണികളും സാധാരണക്കാര്‍ക്ക് തൊഴിലവസരങ്ങള്‍
ഏറെയൊന്നുമുണ്ടായിരുന്നില്ല. 'നമ്മളും' 'അവരും' എന്ന രണ്ടു
ചേരിയുണ്ടായപ്പോള്‍ 'അവര്‍ക്ക്' ഇടതു ഭരണം ഒന്നും ബാക്കിവെച്ചില്ല.
പാപ്പരത്തം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷവുമായി
പൊരുത്തപ്പെടണമായിരുന്നു 'അവര്‍ക്ക്'. ബംഗാള്‍
മുങ്ങിക്കൊണ്ടിരുന്നപ്പോഴും പാര്‍ട്ടി ജലപ്പരപ്പിലവശേഷിച്ചു.''
അടിക്കടി കൂമ്പാരമായിക്കൊണ്ടിരുന്ന സംസ്ഥാനത്തിന്റെ കടബാധ്യത രണ്ടു ലക്ഷം
കോടിയിലെത്തി നില്‍ക്കുകയാണ്. ഇടതുഭരണം അധികാരത്തിലെത്തിയ
1977ലുണ്ടായിരുന്നതിനേക്കാള്‍ 18 മടങ്ങ് ഇരട്ടിയായിരുന്നു ഇത് (11,403
കോടിയാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായിരുന്ന കടബാധ്യത).
വിലക്കയറ്റത്തേയും കവച്ചുവെയ്ക്കുന്നതായിരുന്നു കടബാധ്യതാ നിരക്കിലെ
വളര്‍ച്ച. നികുതി പിരിക്കുന്നത് അപര്യാപ്തവും അപൂര്‍ണവുമായതോടെ ബംഗാളിനെ
ചതുപ്പില്‍ വീഴ്ത്തി ഇടതു ഭരണകൂടം. ആദ്യ നാലു മാസത്തെ വോട്ട് ഓണ്‍
അക്കൗണ്ടിലെ വരുമാനക്കമ്മി 8,386 കോടി രൂപയായിരുന്നു.
എന്നാല്‍ സി.പി.എമ്മിന്റെ 'മഹത്തായ' പതനം സമരാസക്ത തൊഴില്‍യൂണിയനുകള്‍
വഴി ബംഗാളിലെ വ്യവസായമേഖല തകര്‍ത്തു കളഞ്ഞു എന്നതായിരുന്നു. ഒരുകാലത്ത്
ഇന്ത്യയുടെ വ്യവസായ കേന്ദ്രമായിരുന്ന നാടിന്റെ ഇന്നത്തെ അവസ്ഥ
പരിതാപകരമാണ്. വ്യാമോഹികളല്ലാത്ത ബംഗാളിലെ സാധാരണക്കാര്‍
സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ സി.പി.എമ്മിനെ കൈയൊഴിഞ്ഞതെന്തു
കൊണ്ടെന്നുള്ള ചോദ്യത്തിന്, സമുന്ധമായ കാര്‍ഷിക മേഖലയെ സജീവമായ
വ്യവസായമാക്കി മാറ്റുന്നതില്‍ സി.പി.എമ്മിനു പറ്റിയ പരാജയം എന്നാണ്
മറുപടി. തൊഴിലവസരങ്ങള്‍ ഗവണ്‍മെന്റിലും പഞ്ചായത്ത് ജോലികളിലുമൊതുങ്ങി.
ഇതാകട്ടെ മിക്കതും പാര്‍ട്ടി കേഡര്‍മാര്‍ക്കിടയിലാണ് ദാനം
ചെയ്യപ്പെട്ടത്.
ബംഗാളില്‍ കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്നിറക്കി മമതയെ അവിടെ
ഇരുത്തിയതിലും കേരളത്തിന്റെ തെരുവുകളില്‍ നിന്ന് ചെങ്കൊടി
എടുത്തുകളഞ്ഞതിലും മുസ്്ലിം സമുദായത്തിന്റെ പങ്ക് വ്യക്തമാണ്. ബംഗാളിലും
കേരളത്തിലും മുസ്്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ്
രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളില്‍ ശിരോവസ്ത്രം ധരിച്ച സ്ത്രീകള്‍
ഭര്‍ത്താക്കന്മാരോടൊപ്പം നീണ്ട നിരയില്‍ നില്‍ക്കുന്നത് ഇക്കഴിഞ്ഞ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഴ്ചയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട തുടര്‍
ഭരണത്തിന് സി.പി.എമ്മിന് ഉറച്ച മുസ്്ലിം വോട്ടുകളുടെ
പിന്‍ബലമുണ്ടായിരുന്നു. എന്നാല്‍ മുസ്്ലിം വോട്ടുകള്‍ ഗതിമാറിയപ്പോള്‍
മാനംകെട്ട തോല്‍വിയും പശ്ചിമ ബംഗാളില്‍ 34 വര്‍ഷം നീണ്ട ഭരണത്തിന്റെ
(ദുര്‍ഭരണം എന്നാണ്് പറയേണ്ടത്) അന്ത്യവുമാണ് ഇടതിനെ കാത്തിരുന്നത്.
കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ മുസ്്ലിം വിരോധം മുളപൊട്ടുന്നത് 2006ലെ
രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നാണ്. 'മതേതര'ഭരണം
എന്നു കൊണ്ടാടപ്പെട്ട പശ്ചിമ ബംഗാളില്‍ മുസ്ലിംകളുടെ ജീവിത നിലവാരം
സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഗുജറാത്തടക്കമുള്ള
ഇന്ത്യയിലെ പിന്നോക്ക സംസ്ഥാനങ്ങളിലെ മുസ്ലിംകളുടേതിനേക്കാള്‍
താഴെയായിരുന്നു. എന്നുമാത്രമല്ല ബംഗാളിലെ പട്ടിക ജാതി, പട്ടിക
വര്‍ഗത്തേക്കാള്‍ താഴേ തട്ടിലായിരുന്നു ബംഗാള്‍ മുസ്്ലിംകള്‍ എന്ന്
സച്ചാര്‍ കമ്മിറ്റി കണ്ടെത്തി. തങ്ങള്‍ കേവലം വോട്ടുബാങ്കുകള്‍
മാത്രമാണെന്നും ഭരണാധികാരികളില്‍ നിന്നു ലഭിക്കുന്നത്
കപടവാഗ്ദാനങ്ങളാണെന്നും തിരിച്ചറിഞ്ഞതോടെ അവരെ അധികാരത്തില്‍ നിന്നു
പുറംതള്ളാന്‍ മുസ്ലിംകള്‍ തീരുമാനിക്കുകയായിരുന്നു. 2007ലെ പഞ്ചായത്ത്
തെരഞ്ഞെടുപ്പില്‍ തുടക്കമിട്ട ഈ നയംമാറ്റം 2009 ലോക്സഭാ തെരഞ്ഞെടുപ്പിലും
2010 മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയും ഒടുവില്‍ 2011ലെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ അടിവേരറുക്കുന്നതിലേക്ക്
ചെന്നെത്തുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ 42 ലോക്സഭാ എം.പിമാരില്‍ ആറു പേര്‍ മാത്രമാണ് മുസ്ലിം
എം.പിമാര്‍. (കോണ്‍ഗ്രസില്‍ നിന്ന്് 3, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 2,
സി.പി.എമ്മില്‍ നിന്ന് ഒന്ന്). സംസ്ഥാനത്തെ 15 രാജ്യസഭാ എം.പിമാരില്‍
മുസ്്ലിംകളുള്ളത് മൂന്നുപേര്‍. എന്നിരുന്നാലും നിയമ സഭാ
തെരഞ്ഞെടുപ്പുകളില്‍ ഈ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി.
എം.എല്‍.എമാര്‍ 59ആയി. സമുദായത്തിന്റെ പ്രശ്നങ്ങള്‍ നിയമ സഭയില്‍
അവതരിപ്പിക്കാന്‍ ഉപകരിക്കുന്നതായിരുന്നു ഇത്.
അതേസമയം മുങ്ങിക്കൊണ്ടിരിക്കുന്ന സി.പി.എം ഭരണക്കപ്പല്‍
താങ്ങിനിര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഒരു അവസാന
ശ്രമം നടത്തിനോക്കാതിരുന്നില്ല. മറ്റുപിന്നാക്ക വിഭാഗത്തിലെ
മുസ്്ലിംകള്‍ക്ക് ഗവണ്‍മെന്റ് ഉദ്യോഗങ്ങളില്‍ 10 ശതമാനം സംവരണം
ഏര്‍പ്പെടുത്താമെന്നായിരുന്നു ഭട്ടാചാര്യയുടെ വാഗ്ദാനം. എന്നാല്‍ 34
വര്‍ഷത്തെ അനുഭവത്തിന്റെ കടല്‍ മുന്നിലുണ്ടായിരുന്ന മുസ്്ലിംകളില്‍
വിശ്വാസം ജനിപ്പിക്കാന്‍ ആ പ്രഖ്യാപനത്തിനു കഴിഞ്ഞില്ല.
രജാര്‍ഹട്ട്, ദേഗംഗ, സിംഗൂര്‍, നന്ദിഗ്രാം എന്നിവിടങ്ങളില്‍ ക്രമാതീതമായി
നടന്ന അനധികൃത ഭൂമി കൈയേറ്റം ബംഗാളി മുസ്്ലിംകളില്‍
തിരിച്ചറിവുണ്ടാക്കുന്നതായിരുന്നു. മുസ്്ലിം കര്‍ഷകര്‍ തിങ്ങിപ്പാര്‍ത്ത
പ്രദേശങ്ങള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചാണ് കമ്യൂണിസ്റ്റുകാര്‍
തങ്ങളുടെ പദ്ധതികള്‍ പുനരാവിഷ്കരിച്ചത്. ഭരണ കക്ഷികളുടെ പുതിയ നീക്കം
തങ്ങളെ അപകടത്തിലാക്കുമെന്ന് 70 ശതമാനം ജനങ്ങളും കര്‍ഷകരായിട്ടുള്ള
സമുദായം മനസ്സിലാക്കി. അവകാശ സംരക്ഷണത്തിനിറങ്ങിയ കര്‍ഷകര്‍ക്കു നേരെ
നന്ദിഗ്രാമില്‍ പൊലീസ് വെടിയുതിര്‍ത്തതോടെ കമ്യൂണിസത്തിന്റെ
ശവപ്പെട്ടിയില്‍ അവസാന ആണിയും അടിക്കപ്പെടുമെന്ന്
ഉറപ്പായിക്കഴിഞ്ഞിരുന്നു. എെ.ടി അധ്യാപകനായ രിസ്വാനു നൂര്‍ പൊലീസിന്റെ
പങ്കോടെ വധിക്കപ്പെടുകയും തുടര്‍ന്ന് കമ്യൂണിസ്റ്റ്
പാര്‍ട്ടിയില്‍പ്പെട്ട ഉര്‍ദു സംസാരിക്കുന്ന കൊല്‍ക്കത്ത
മുസ്ലിംകളിലേക്ക് പൊലീസ് കമ്മീഷണര്‍ പ്രസൂണ്‍ ചാറ്റര്‍ജി ശ്രദ്ധ
തിരിച്ചുവിടുകയും ചെയ്തപ്പോള്‍ സംസ്ഥാന ഭരണകൂടത്തില്‍ നിന്ന്
മുസ്ലിംകള്‍ക്കനുകൂലമായി ഒരു ശബ്ദമുയര്‍ന്നില്ലെന്നത് ശ്രദ്ധനേടി.
തസ്ലീമ നസ്റിന്‍ എപ്പിസോഡും അവര്‍ക്ക് സി.പി.എം വര്‍ഷങ്ങളോളം അഭയം
നല്‍കിയതും കൊല്‍ക്കത്ത മുസ്ലിംകളുടെ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.
കൊല്‍ക്കത്ത നഗരപരിസരത്ത്് ന്യൂനപക്ഷ സമുദായത്തിന് ആധിപത്യമുള്ള
താന്റിബഗാനില്‍ സി.പി.എം പാര്‍ട്ടി ഓഫീസ് കത്തിക്കുന്നതിലേക്കു പോലും ഇതു
വളര്‍ന്നു.
ഉര്‍ദുവിന് രണ്ടാം ഭാഷാ പദവി നല്‍കാന്‍ മുഖ്യമന്ത്രി ഭട്ടാചാര്യക്കും
ന്യൂനപക്ഷ മന്ത്രി അബ്ദുല്‍ സത്താറിനും നിരന്തരമായി നിവേദനങ്ങള്‍
നല്‍കിയിട്ടും അവഗണിക്കപ്പെട്ടത് മുസ്്ലിംകളുടെ സാംസ്കാരിക
വ്യക്തിത്വത്തിനേറ്റ ആഘാതമായിരുന്നു. തങ്ങളുടെ അതിജീവനത്തിനും സംസ്കാര
സംരക്ഷണത്തിനും കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അധികാര ഭ്രഷ്ടരാക്കണമെന്ന്
ഉര്‍ദു സംസാരിക്കുന്ന കൊല്‍ക്കത്താ മുസ്ലിംകള്‍ മനസ്സിലാക്കി.
വഖഫ് വിഭജന സമയത്ത് കിഴക്കന്‍ പാകിസ്താനിലേക്ക് (ഇപ്പോള്‍ ബംഗ്ലാദേശ്)
മുസ്്ലിംകള്‍ കൂട്ടമായി പലായനം ചെയ്തിരുന്നെങ്കിലും പശ്ചിമ ബംഗാളില്‍
മുസ്്ലിം ജനസംഖ്യ ഇപ്പോഴും വളരെ വലുതാണ്. ആയിരക്കണക്കിന് മുസ്്ലിം
കുടുംബങ്ങള്‍ കിഴക്കന്‍ പാകിസ്താനിലേക്ക് കുടിയേറിയപ്പോള്‍ ചിലര്‍
നാട്ടിലെ സ്വത്ത് വില്‍ക്കാനാണ് തീരുമാനിച്ചത്. മറ്റുള്ളവര്‍ അവയെ വഖഫ്
സ്വത്തായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് രാജിന്റെ കാലത്ത് കേന്ദ്രത്തിലും
സംസ്ഥാനത്തും വഖഫ് ബോര്‍ഡ് സംവിധാനം നിലനില്‍ക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ബംഗാളില്‍ വഖഫ് മുതലുകളില്‍ വലിയ ക്രമക്കേടുകള്‍ നടന്നു.
മുസ്്ലിം സമുദായത്തിന്റെ വികസനത്തിനായുള്ള വഖഫ് സി.പി.എം ഭരണകാലത്ത്
സ്വകാര്യ വ്യക്തികള്‍ക്ക് വ്യവഹാരം ചെയ്യപ്പെട്ടു. ഈ അഴിമതിയുടെ
കണക്കുകള്‍ പരിശോധിച്ചാല്‍ ലക്ഷക്കണക്കിന് കോടികള്‍ ഉണ്ടെന്നു കാണാം.
ഹാജി മുഹമ്മദ് മുഹ്്സിന്‍ തന്റെ എല്ലാ സമ്പത്തും വഖഫ് സ്വത്തിലേക്ക്
സംഭാവന നല്‍കിയിരുന്നു. എന്നാല്‍ വഖഫ് സ്വത്തിന്റെ രക്ഷാധികാരികളും
അവരുടെ സി.പി.എം യജമാനന്മാരും ചേര്‍ന്നുണ്ടാക്കിയ അഴിമതി സഖ്യം അതില്‍
വലിയ കുറവുവരുത്തുകയുണ്ടായി. 200 വര്‍ഷത്തിന്റെ ചരിത്രം പേറുന്ന
പ്രസിദ്ധമായ ഹൂഗ്ലി മുഹ്്സിന്‍ മദ്റസയുടെ നില അതീവ ദയനീയമാണിന്ന്.
മുസ്്ലിം തീര്‍ത്ഥാടന കേന്ദ്രമായ ഹൂഗ്ലി ഇമാംബാര ഏതു നിമിഷവും തകരാമെന്ന
നിലയിലാണ്. രോഗികള്‍ കിടക്കാന്‍ ഭയക്കും വിധമായിട്ടുണ്ട് ഇവിടുത്തെ
മുഹ്്സി ഹോസ്്പിറ്റല്‍. മുസ്്ലിം സമുദായത്തിന്റെ ഉദ്ധാരണത്തിനായി ഹാജി
മുഹ്്സിന്‍ സാഹിബ് ഒഴിച്ചിട്ട കോടിക്കണക്കിന് രൂപ എവിടെപ്പോയെന്ന് ഒരു
കണക്കുമില്ല.
കമ്യൂണിസ്റ്റ് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ
മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ കാര്യ മന്ത്രി അബ്ദുല്‍
സത്താറും മക്തബുകളിലെ (സാധാരണയായി പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്നു)
അധ്യാപകര്‍ക്ക് വേതനം നല്‍കാമെന്നേറ്റിരുന്നു. അപേക്ഷ നല്‍കാനായി
അവരേിച്ച നൂറുകണക്കിന് ഫോമുകള്‍ പൂരിപ്പിച്ചു നല്‍കിയെങ്കിലും കള്ള
വാഗ്ദാനങ്ങള്‍ നിശബ്ദം കുഴിച്ചുമൂടപ്പെടുകയാണുണ്ടായത്.
ആയിരക്കണക്കിന് പള്ളികളിലെ ഇമാമുകളുടെ വേതനം പാദസേവാപരമാണ് (ശരാശരി 500
മുതല്‍ 1000 വരെ). വൃന്ദാ കാരാട്ടിനെ പോലുള്ള സി.പി.എം കേന്ദ്ര
നേതൃത്വത്തിലുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും (പള്ളി
ഇമാമുകളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയില്‍
അവര്‍ സമരം നയിക്കുക വരെ ചെയ്തു) സി.പി.എം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍
അതിനു വേണ്ട പ്രായോഗിക ചുവടുകളൊന്നും നടപ്പാക്കപ്പെട്ടില്ല. വഖഫ്
ബോര്‍ഡുകളുടെ ഭരണ നിര്‍വഹണത്തിലും നികുതി പിരിക്കുന്നതിലും കൃത്യത
കാണിച്ചിരുന്നെങ്കില്‍ പള്ളി ഇമാമുകള്‍ക്ക് മെച്ചപ്പെട്ട വേതനം
നല്‍കാനാകുമായിരുന്നു.
വെസ്റ്റ് ബംഗാള്‍ മൈനോറിറ്റി ഡവലപ്മെന്റ് ആന്റ് ഫിനാന്‍സ് കോപറേഷനില്‍
നിന്ന് വായ്പ ലഭിക്കാന്‍ 'ഗ്വാറന്റോര്‍' ആവശ്യമാണെന്ന് വ്യവസ്ഥ വന്നതോടെ
ചെറുകിട ബിസിനസുകള്‍ ആരംഭിക്കാന്‍ വലിയ വിഭാഗം വരുന്ന പാവപ്പെട്ട
മുസ്്ലിം കുടുംബങ്ങള്‍ക്ക് കഴിയാതായതാണ് മറ്റൊരു തിരിച്ചടി.
34 വര്‍ഷത്തെ ഭരണത്തിനിടെ മുസ്്ലിം സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള
സി.പി.എമ്മിന്റെ നിശ്ചയദാര്‍ഢ്യമില്ലായ്മയും താല്‍പര്യമില്ലായ്മയും ആ
സമുദായത്തെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക മേഖലകളില്‍ ഒന്നിനും
കൊള്ളാത്തവരാക്കി മാറ്റിയെന്ന് രജീന്ദര്‍ സച്ചാറിന്റെ സച്ചാര്‍
റിപ്പോര്‍ട്ടില്‍ പറയുന്നു. നീണ്ട കാലയളവിലെ ഇടതു ദുര്‍ഭരണം ഒരു
സമുദായത്തിന്റെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിന്റെ 'ദീദി'
മമതാ ബാനര്‍ജി നയിക്കുന്ന 'മാ, മാതീ, മാനുഷ്' സര്‍ക്കാര്‍
അഗാധഗര്‍ത്തങ്ങളില്‍ നിന്ന് ഈ സമുദായത്തെ തിരിച്ചുകൊണ്ടുവരുമെന്ന്
പ്രതീക്ഷിക്കാം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക