മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനടിസ്ഥാനം ഇതരമതവിദ്വേഷമോ ഭീതിയോ അല്ല. സ്വസമുദായത്തിലെ ചില പ്രവണതകളോടുള്ള എതിര്‍പ്പാണെന്ന് വ്യക്തമാണ്. 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല
കേരളത്തില്‍ നായര്‍ നായര്‍ക്കും ക്രിസ്ത്യാനി ക്രിസ്ത്യാനിക്കും ഈഴവന്‍ ഈഴവനും മുസ്‌ലിം മുസ്‌ലിമിനും മാത്രം വോട്ടുചെയ്യുന്നത് അത്ര അസ്വാഭാവികമല്ലെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് നേടിയ വന്‍വിജയം കേരളത്തിലും പുറത്തുമുള്ള രാഷ്ട്രീയനിരീക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുഫലം മതവിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും അകലവും സൃഷ്ടിച്ച്
സാമുദായികാന്തരീക്ഷം കലുഷമാക്കുമോ എന്ന ആശങ്കയും കാര്യമായുണ്ട്. എന്നാല്‍ ഇക്കുറിനടന്ന മുസ്‌ലിംവോട്ടിന്റെ ഏകീകരണത്തിന് ഒരു സൈദ്ധാന്തിക പശ്ചാത്തലമുണ്ട്.
ഏറ്റവും ശക്തനായ നേതാവിനെതിരെ ഗൗരവമായ ആരോപണങ്ങളുണ്ടായിട്ടും എങ്ങനെയാണ് മുസ്‌ലിം സമുദായത്തിന്റെ ഭൂരിപക്ഷത്തിന്റെയും വോട്ട് മുസ്‌ലിംലീഗിന് നേടാനായത്? ഒരുമയുടെ അടിസ്ഥാനം രാഷ്ട്രീയതന്ത്രജ്ഞതയോ നേതൃപാടവമോ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പിന്ന എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ആരോപണങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന ഒരു നേതാവിനെ വോട്ടര്‍മാര്‍ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിച്ചു. ഇതിനര്‍ഥം വോട്ടര്‍മാര്‍ ധാര്‍മികമായ പരിഗണനകള്‍ മാറ്റിവെച്ചു എന്നാണോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്.
കേരള മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രധാനമായും ആറ് മതസംഘടനകളാണുള്ളത്. ഏറ്റവും വലിയ വിഭാഗം പാരമ്പര്യവാദികളായ സുന്നികളാണ്. ഇ.കെ. സുന്നിയെന്നും എ.പി. സുന്നിയെന്നും ഇവര്‍ രണ്ടു ഗ്രൂപ്പുകളാണ്. രണ്ടാമത്തെ വിഭാഗമായ കേരള നദ്‌വത്തുല്‍ മുജാഹിദീനും (മുജാഹിദ് വിഭാഗമെന്ന് ഇവരെ പൊതുവെ പരാമര്‍ശിക്കപ്പെടുന്നു) രണ്ടു ഗ്രൂപ്പുകളുണ്ട്: എ.പി.അബ്ദുള്‍ഖാദര്‍ മൗലവിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയാണ് മറ്റ് രണ്ട് പ്രധാന മതസംഘടനകള്‍. ഇവ രണ്ടും മത - രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. സുന്നികളും മുജാഹിദുകളും മതാചാരകാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണ്. രണ്ടുവിഭാഗം സുന്നികള്‍ തമ്മിലും രണ്ടുവിഭാഗം മുജാഹിദുകള്‍ തമ്മിലും കാര്യമായ സംഘടനാപ്രശ്‌നങ്ങളുണ്ട്. എന്നാല്‍ മതാചാരകാര്യങ്ങളിലും സംഘടനാകാര്യങ്ങളിലുമല്ലാതെ ഈ നാലുകൂട്ടര്‍ക്കും രാഷ്ട്രീയനയം വേറിട്ട് വ്യക്തമാക്കേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. ഇ.കെ. സുന്നിയിലെയും മുജാഹിദ് വിഭാഗങ്ങളിലെയും വലിയൊരുവിഭാഗം ലീഗിനൊപ്പം നിന്നപ്പോള്‍ എ.പി. സുന്നി എന്നും ലീഗ് വിരുദ്ധരായിരുന്നു.
എന്നാല്‍ ഈ വിഭാഗങ്ങള്‍ക്ക് മുമ്പൊരിക്കലുമില്ലാത്തവിധം തങ്ങളുടെ രാഷ്ട്രീയനയം വ്യക്തമാക്കേണ്ടിവന്നത് ഇസ്‌ലാമിക രാഷ്ട്രീയമെന്ന മൗദൂദിയന്‍ ആശയവുമായി ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും (അന്ന് എന്‍.ഡി.എഫ്.) മുന്നേറാന്‍ തുടങ്ങിയതോടെയാണ്. മികച്ച മീഡിയാ മാനേജ്‌മെന്റിലൂടെയും ബുദ്ധിജീവി സ്വാധീനത്തിലൂടെയും മുസ്‌ലിം പണക്കാരുടെ സംഘാടനത്തിലൂടെയും പൊതുസമൂഹത്തിനുമുമ്പില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇവര്‍ക്കു സാധിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെയും; നിഗൂഢത മുറ്റിനിന്നതെങ്കിലും തൃണമൂല്‍ പദ്ധതികളിലൂടെ പടര്‍ന്നുവന്ന എന്‍.ഡി.എഫിന്റെയും രാഷ്ട്രീയസിദ്ധാന്തം ഒന്നായിരുന്നു; പ്രവര്‍ത്തനരീതി വ്യത്യസ്തമായിരുന്നുവെങ്കിലും. ഇരുകൂട്ടരും മതത്തെ രാഷ്ട്രീയമായിക്കണ്ടു; മതരാഷ്ട്രത്തിന്റെ സംസ്ഥാപനത്തെ ലക്ഷ്യമായും. ഇതേസമയം തന്നെ ആഗോളതലത്തില്‍ സാമ്രാജ്യത്വവും ദേശീയതലത്തില്‍ ഹിന്ദുത്വവും തങ്ങളുടെ നിലനില്‍പ്പിനാവശ്യമായ ശത്രുക്കളെ ഇസ്‌ലാമിലും മുസ്‌ലിം സമുദായത്തിലും കണ്ടെത്തി. മുസ്‌ലിം ഭീകരതയുടെ സൈദ്ധാന്തികാടിത്തറ മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളാണെന്നും മുസ്‌ലിംകള്‍ക്ക് ജനാധിപത്യം മനസ്സിലാവില്ലെന്നും പ്രചാരണം ശക്തിപ്പെട്ടപ്പോള്‍ സുന്നികളും മുജാഹിദുകളും സ്വന്തം സംഘടനകളുടെ രാഷ്ട്രീയസിദ്ധാന്തം അന്വേഷിക്കാന്‍ നിര്‍ബന്ധിതരായി. വിശ്വാസാചാരങ്ങളില്‍ തര്‍ക്കങ്ങള്‍ ഇരിക്കുമ്പോള്‍ത്തന്നെ തങ്ങളെല്ലാവരും മതരാഷ്ട്രീയത്തിനെതിരാണെന്നും മതേതര ജനാധിപത്യമാണ് തങ്ങളുടെ വഴിയെന്നും അവര്‍ തിരിച്ചറിയുകയും തുടര്‍ന്ന് അത് പ്രഖ്യാപിക്കാന്‍ അവര്‍ മുന്നോട്ടുവരികയും ചെയ്തു. ഈ തിരിച്ചറിവിന്റെ തെളിവാണ് 2007ലും 2008ലും ഈ നാലുഗ്രൂപ്പുകളും ഒരുമിച്ച് വടക്കന്‍ കേരളത്തില്‍ പലയിടത്തും നടത്തിയ തീവ്രവാദവിരുദ്ധ സംഗമങ്ങള്‍. 'ഭീകരത മതമല്ല', 'മനുഷ്യജാലിക' എന്നീ കാമ്പെയ്‌നുകളിലൂടെ എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം ഭീകരവാദത്തിനെതിരെ മതേതര ജനാധിപത്യത്തിനായുള്ള പ്രചാരണപരിപാടികള്‍ക്ക് ഊര്‍ജം നല്‍കിപ്പോന്നു. 2010 മെയ് 7ന് പാണക്കാട് മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി നടത്തിയ മതേതര പൈതൃക സംരക്ഷണ സമ്മേളനമടക്കമുള്ള നീക്കങ്ങളും ഈ സമീപനത്തെ പൊതുമണ്ഡലത്തിലവതരിപ്പിച്ചു. അതിന്റെ അവസാനമാണ് 2010 മെയ് 20 ന് മുസ്‌ലിംലീഗ് ജമാഅത്തെ ഇസ്‌ലാമിയുമായി ഒരു ധാരണയ്ക്കും ഇല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. കൈവെട്ടുകേസിനു ശേഷം 2010 ആഗസ്ത് ഒന്നിന് കോട്ടയ്ക്കലില്‍ വെച്ചുനടന്ന മുസ്‌ലിം സംഗമം മതേതര ജനാധിപത്യത്തിലും സമുദായ സൗഹാര്‍ദത്തിലുമുള്ള അടിസ്ഥാനവിശ്വാസം നശിപ്പിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കരുതെന്ന് വ്യക്തമാക്കി. മുസ്‌ലിം മത -വിദ്യാഭ്യാസ - രാഷ്ട്രീയകക്ഷികളുടെ പങ്കാളിത്തംകൊണ്ട് സമുദായത്തിന്റെ ഭൂരിപക്ഷത്തിന്റെയും കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതായി ഈസംഗമം (ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, പി.ഡി.പി. എന്നീ സംഘടനകളെ യോഗത്തില്‍ നിന്നു മാറ്റിനിര്‍ത്തുകയാണുണ്ടായത്.)
ഈ സംഗമത്തിന്റെ രാഷ്ട്രീയപ്രതിഫലനമാണ് ഇത്തവണത്തെ മുസ്‌ലിം ലീഗിന്റെ വിജയത്തിന് കാരണം. ഈ സംഘടനകളുടെ ആവശ്യം രാഷ്ട്രീയമായി ശ്രദ്ധയില്‍ക്കൊണ്ടുവരാനും അവയുടെ മുമ്പില്‍ നില്‍ക്കാനും ലീഗിനായി. ഒരിക്കലും തങ്ങള്‍ക്ക് വോട്ട് ചെയ്തിട്ടില്ലാത്ത എ.പി. സുന്നിക്കാരുടെ വിരോധവും ഈ പൊതുഘടകംകൊണ്ട് തന്നെ വളരെക്കുറഞ്ഞു. പലയിടങ്ങളിലും പിന്തുണയും കിട്ടി.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജമാഅത്തെഇസ്‌ലാമിയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും (പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയവിഭാഗം) മത്സരിച്ചത് മതരാഷ്ട്രീയത്തോടുള്ള മറ്റ് മതസംഘടനകളുടെ എതിര്‍പ്പ് വീണ്ടും പ്രകടിപ്പിക്കാന്‍ വേദിയൊരുക്കി. 'വിജയത്തിന്റെ മറുവശം ഭരണത്തിന്റെ ഭാരം' എന്ന ലേഖനത്തില്‍ (മാധ്യമം മെയ് 17) ''സാമ്പ്രദായിക ജമാഅത്ത് വിരോധം മുഖ്യദൗര്‍ബല്യമായ മതസംഘടനകളെ ലീഗിനുവേണ്ടി ജീവന്‍മരണപ്പോരാട്ടത്തിനിറക്കാനും ഇതുതന്നെ (ജമാഅത്തിന്റെ രാഷ്ട്രീയപ്രവേശം) കുഞ്ഞാലിക്കുട്ടിയും കൂട്ടരും അവസരമാക്കി. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴും അതേ അടവുനയമാണ് മുസ്‌ലിംലീഗ് പ്രയോഗിച്ചത്'' എന്ന് നിരീക്ഷിക്കുന്ന എ.ആറും ജമാഅത്തെ ഇസ്‌ലാമിയും ഇത്തരമൊരു നീക്കത്തെ മനസ്സിലാക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. (ആ സാമ്പ്രദായിക ജമാഅത്ത് വിരോധത്തിന്റെ കാരണം രാഷ്ട്രീയസിദ്ധാന്തത്തിലെ അടിസ്ഥാനപരമായ വൈരുദ്ധ്യമാണെന്ന് പറയുന്നില്ലെങ്കിലും).
സുന്നി - മുജാഹിദ് സംഘടനകള്‍ പടുത്തുയര്‍ത്തിയ വേദിയുടെ മുമ്പില്‍ നില്‍ക്കാനുള്ള രാഷ്ട്രീയവിവേകം മുസ്‌ലിംലീഗ് കാണിച്ചു. ഏതായാലും തീവ്രവാദവിരുദ്ധ നിലപാടിന് അമുസ്‌ലിം വോട്ടര്‍മാരും നല്ല പിന്തുണകൊടുക്കുന്നു എന്നതിന്റെ തെളിവാണ് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമല്ലാത്ത അഴീക്കോട്ടുനിന്ന് കെ.എം. ഷാജി നേടിയ വിജയം.
അങ്ങനെ നോക്കുമ്പോള്‍ മുസ്‌ലിം വോട്ടുകളുടെ ഏകീകരണത്തിനടിസ്ഥാനം ഇതരമതവിദ്വേഷമോ ഭീതിയോ അല്ല. സ്വസമുദായത്തിലെ ചില പ്രവണതകളോടുള്ള എതിര്‍പ്പാണെന്ന് വ്യക്തമാണ്. സുന്നി - മുജാഹിദ് വിഭാഗം മതരാഷ്ട്രീയവാദികളോടെടുത്ത നിലപാടിനെ മുസ്‌ലിം സമുദായത്തിനകത്തെ ഗ്രൂപ്പുവഴക്കായി പരിഗണിച്ചതിലൂടെ മിക്ക മാധ്യമങ്ങളും വിഷയത്തിന്റെ മര്‍മം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെയാണ് രാഷ്ട്രീയനിലപാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ കാര്യമായി കാണാതിരുന്നത്. ആ നിലപാടിന്റെ രാഷ്ട്രീയം സമാധാനത്തിനും കൂട്ടുജീവിതത്തിനും കേരളീയ സമൂഹത്തിന്റെ നല്ലഭാവിക്കും അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് പിന്തുണച്ചിരുന്നെങ്കില്‍ കേരളത്തില്‍ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഭീതിയെയും സംശയത്തെയും ഫലപ്രദമായി തടുക്കാന്‍ അവയ്ക്കാവുമായിരുന്നു. ഇതിനേക്കാള്‍ കുറ്റകരമാണ് ഈ വികാസങ്ങളെ തട്ടിപ്പായും കുടിലതയായും എന്നും തള്ളിക്കളഞ്ഞ ഇടതുപക്ഷത്തിന്റെ രീതികള്‍. സാമുദായികതലത്തിലുള്ളസംഘാടനത്തെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നതെങ്കില്‍ എ.പി. സുന്നികളുടെയും പി.ഡി.പി.യുടെയും കഴിഞ്ഞ രണ്ടുതവണ ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണ അവര്‍ എന്തുകൊണ്ട് സ്വീകരിച്ചു? മുസ്‌ലിം സമുദായത്തിനകത്ത് കേരളീയ സമൂഹത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുന്ന തരത്തിലുണ്ടായ പല കാര്യങ്ങളുടെ നേരെയും അവര്‍ കാണിച്ച അന്ധതയാണ് തിരഞ്ഞെടുപ്പ് ഫലത്തിന് കാരണം 'സാമുദായിക ധ്രുവീകരണമാണെന്ന നിഗമനത്തില്‍ അവരെ എത്തിച്ചത്.
ഇങ്ങനെയൊരു നീക്കം ഉണ്ടായതുകൊണ്ട് വര്‍ഗീതയോ ഭീകരതയോ ഇല്ലാതായിപ്പോവും എന്ന് കരുതുന്നത് മൗഢ്യമാണ്. പക്ഷേ, ഇസ്‌ലാമിക രാഷ്ട്രീയ സിദ്ധാന്തങ്ങളോട് മുസ്‌ലിം ലീഗ് അടുക്കുകയും മുസ്‌ലിം സംഘടനകള്‍ അതിനോട് നിസ്സംഗമായി പെരുമാറുകയും ചെയ്തിരുന്നെങ്കില്‍ അത് വലിയ അപകടങ്ങളുണ്ടാക്കുമായിരുന്നു. ആ അപകടം ഒഴിവാക്കാനായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷത. ഈ നിലപാട് അംഗീകരിച്ച് കൂടെ നിന്നതാണ് തങ്ങളുടെ വിജയത്തിന്റെ ഏറ്റവും പ്രധാനമെന്ന് മനസ്സിലാക്കുക ലീഗിനെ സംബന്ധിച്ച് സുപ്രധാനമാണ്. അല്ലാതെ സമുദായത്തിന്റെ മനസ്സ് എന്നും എന്തിനും തങ്ങളോടൊപ്പമാണെന്നുള്ള ധാരണ പിശകായിരിക്കും.
അധികമാരും വിശദമാക്കാത്തതും പല മനസ്സുകളിലും തങ്ങിനില്‍ക്കുന്നതുമായ ഒരു ചോദ്യം ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന ആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ വന്‍ഭൂരിപക്ഷത്തിന് ജയിപ്പിച്ച മലപ്പുറത്തെ ജനങ്ങള്‍ക്ക് ഒരു നീതിബോധവുമില്ലേ എന്നതാണ്. ഈ ചോദ്യം ആദ്യത്തെയല്ല. 'മതന്യൂനപക്ഷങ്ങളുടെ ധാര്‍മികശക്തി'യില്‍ സി.ആര്‍. പരമേശ്വരന്‍ എഴുതി: ''കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് പെണ്‍വാണിഭത്തിന്റെ നിഴലിലായിരുന്ന ആ പാര്‍ട്ടിയെ (ലീഗിനെ) പൊന്നാനിയിലെയും മഞ്ചേരിയിലെയും മതബോധമുള്ള ജനങ്ങള്‍ ശിക്ഷിക്കുമെന്നാണ് ഞാന്‍കരുതിയിരുന്നത്. അതിനുപകരം അവരെ മൃഗീയഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ഒരു സമൂഹത്തിന്റെ മൂല്യബോധം അന്യൂനമാണോ? (അസഹിഷ്ണുതയുടെ ആവശ്യം, 1999, പു. 44). എന്നാല്‍ 2006-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇതേ മലപ്പുറത്തെ ജനങ്ങളാണ് കുഞ്ഞാലിക്കുട്ടിയെ തോല്പിച്ചതും. അപ്പോള്‍ എന്താവാം വോട്ടര്‍മാരുടെ ഈ തീരുമാനത്തിന്റെ ന്യായം?
1996-ലാണ് പെണ്‍വാണിഭക്കേസ് ആദ്യം പൊങ്ങിവന്നത്. ഇ.കെ. നായനാരാണ് അന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റ് പാര്‍ട്ടികളിലും മുസ്‌ലിംലീഗിലുമുള്ള നേതാക്കള്‍ ആരോപണവിധേയരായിരുന്നു. കുറ്റക്കാരനായിരുന്നെങ്കില്‍ എതിര്‍പ്പാര്‍ട്ടിക്കാരനായിരുന്ന കുഞ്ഞാലിക്കുട്ടിയെ എന്തുകൊണ്ട് സി.പി.എം. അറസ്റ്റു ചെയ്തില്ല എന്ന ലീഗുകാരുടെ 'നാടന്‍' ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രിയായി. 2005 ലാണ് റജീനയുടെ വെളിപ്പെടുത്തലുകളോടെ കേസ് വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്. ഒരു മാസത്തിലധികം മന്ത്രിപദത്തില്‍ പിടിച്ചിരുന്ന കുഞ്ഞാലിക്കുട്ടി അവസാനം രാജിവെച്ചു. കോടതി എന്തുപറഞ്ഞാലും ജനമനസ്സില്‍ ആ വിവാദം ഉണ്ടാക്കിയ ധാരണകളാലാണ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ലീഗിന്റെ കോട്ടയില്‍ത്തന്നെ ജനങ്ങള്‍ തോല്പിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനമടക്കം രാജിവെക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അധികാരസ്ഥാനങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞാലിക്കുട്ടിയെ ഇടതുപക്ഷ ഭരണകാലത്ത് തന്നെ എല്ലാ കോടതികളും വെറുതെവിട്ടു.
ജനങ്ങളുടെ മുമ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ശിക്ഷ കഴിഞ്ഞതാണെന്നും അതുകൊണ്ടാണവര്‍ അദ്ദേഹത്തെ ഇക്കുറി വിജയിപ്പിച്ചതെന്നും പറയുന്നതില്‍ കാര്യമുണ്ടോ? പ്രത്യേകിച്ച് ഇക്കുറിയും ഒരു കേസ് ഉണ്ടായിരിക്കേ? പെണ്‍വാണിഭക്കേസിലാണ് കുഞ്ഞാലിക്കുട്ടിയെ വെറുതെ വിട്ടത്; ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റത്തിനല്ല. ഇത് രണ്ടും രണ്ടു കേസുകളാണ്. അത് അങ്ങനെ അവതരിപ്പിക്കുന്നതില്‍ നമ്മുടെ പത്രമാധ്യമങ്ങളോ ഇടതുപക്ഷമോ വിജയിച്ചിട്ടുണ്ടോ? ഒന്നര ദശകത്തോളമായി നടന്നുവരുന്ന പെണ്‍വാണിഭക്കേസിന്റെ തുടര്‍ച്ചയില്‍ ജനങ്ങള്‍ക്ക് മനംമടുത്തെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മീഡിയയ്ക്കുവേണ്ടിയിരുന്നത് കുഞ്ഞാലിക്കുട്ടി -റൗഫ് അടിപിടിയുടെയും പെണ്‍വാണിഭത്തിന്റെയും മസാലക്കഥകളായിരുന്നു. വാര്‍ത്തകള്‍ക്ക് ക്യാരക്ടര്‍ നഷ്ടപ്പെടുമ്പോള്‍ ജനം അവയെ അവലംബിക്കുന്നത് നിര്‍ത്തി.
ഒരു തെറ്റിന് ജനം ഒരിക്കല്‍ ശിക്ഷിക്കും. ഒരിക്കലേ ശിക്ഷിക്കൂ. അടിയന്തരാവസ്ഥയെ ഒരപരാധമായി മനസ്സിലാക്കിയ റായ്ബറേലിയിലെ ജനങ്ങള്‍ 1977-ല്‍ ഇന്ദിരാഗാന്ധിയെ 52,200 വോട്ടിന് തോല്പിച്ചു. ഇതേ ജനങ്ങള്‍ 1980-ല്‍ അവരെ ഒരു ലക്ഷം വോട്ടിന് ജയിപ്പിച്ചു. അധികാരമില്ലാത്ത അവസ്ഥയില്‍ ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുക ജനങ്ങളുടെ ജോലിയല്ല. ഗവണ്‍മെന്റും നീതിന്യായവ്യവസ്ഥയുമാണത് ചെയ്യേണ്ടത്. അധികാരം ഇല്ലാതാക്കാനേ ജനങ്ങള്‍ക്കു കഴിയൂ. 1980-ല്‍ വീണ്ടും ഇന്ദിരാഗാന്ധിയെ ജയിപ്പിച്ചതിലൂടെ റായ്ബറേലിക്കാര്‍ തങ്ങള്‍ 1977-ല്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയ താക്കീതിന്റെ തിളക്കം കുറച്ചുകളഞ്ഞെന്ന് ആരെങ്കിലും പറയുമോ? അതുപോലെ ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാറും നീതിന്യായവ്യവസ്ഥയും ജനാധിപത്യധാരണകള്‍ കമ്മിയായിരുന്ന മാധ്യമ സ്ഥാപനങ്ങളുമാണ് ഈ സാഹചര്യത്തിന് മറുപടി പറയേണ്ടത്. അല്ലാതെ ജനങ്ങളെ പഴിപറയുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ആരോപണ പ്രത്യാരോപണങ്ങളിലൂടെ വഷളായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയസംസ്‌കാരത്തില്‍ മിനിറ്റുവെച്ച് പ്രവഹിച്ച 'ബ്രെയ്ക്കിങ് ന്യൂസു'കളോട് വേങ്ങരയിലെ ജനങ്ങള്‍ നിസ്സംഗരായെങ്കില്‍ അവരെ അധാര്‍മികരെന്ന് മുദ്രകുത്തുന്നത് നീതിയാകില്ല. നമ്മുടെ ജനാധിപത്യസംസ്‌കാരത്തെ തള്ളിപ്പറയാനല്ല; ഉയര്‍ത്തിപ്പിടിക്കാനാണ് ഈ തിരഞ്ഞെടുപ്പുഫലവും നമ്മെ പ്രേരിപ്പിക്കേണ്ടത്.
(ന്യൂഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക