WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ജൂൺ 18, 2011

വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം [posted by anwar sadath]

വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം
പുതിയ അധ്യയന വര്‍ഷാരംഭത്തോടെ വിദ്യാഭ്യാസ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന അക്കാദമിക രംഗം കൂടുതല്‍ ചടുലതയോടെയും ദീര്‍ഘവീക്ഷണത്തോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. വര്‍ഷങ്ങളായി പഴഞ്ചൊല്ലുപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വരട്ടുവാദങ്ങള്‍ക്ക് വിട നല്‍കി ലോകത്തിന്റെ വര്‍ത്തമാന ചിത്രങ്ങളോട് സംവദിച്ചു കൊണ്ടുള്ള ഒരു വിദ്യാഭ്യാസ സമീപനത്തിലേക്ക് പ്രവേശിക്കേണ്ട അനിവാര്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
സമീപകാലത്തായി കേരളത്തിലെ വിദ്യാഭ്യാസരംഗത്തുണ്ടായ ജാഗരണം പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. പത്ത് വര്‍ഷത്തിനപ്പുറമുള്ള ഒരു അന്തരീക്ഷമല്ല ഈ മേഖലയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റം ഈ രംഗത്ത് ഉണ്ടാക്കിയ സജീവത ചെറുതല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വലിയ ജനസംഖ്യയിലെ വളരെ തുച്ഛമായ ഒരു വിഭാഗത്തിന്റെ തൊഴില്‍ പ്രശ്നമായും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിശീലന കേന്ദ്രവുമായൊക്കെ ധരിച്ചുവന്നിരുന്ന കലാലയ മേഖലയില്‍ പാടിപ്പതിഞ്ഞു നിന്നിരുന്ന ധാരണകളെ തിരുത്തുന്ന വിധത്തിലുണ്ടായ ചെറിയ നീക്കങ്ങള്‍ക്ക് ഇത്രമേല്‍ മാറ്റമുണ്ടാക്കാനായെങ്കില്‍ ബോധപൂര്‍വ്വവും കാര്യമാത്ര പ്രസക്തവുമായ നീക്കങ്ങളുണ്ടാക്കുന്ന പുരോഗതി അളവറ്റതായിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
ആവശ്യമായത്ര പഠനസൗകര്യങ്ങളുടെ അഭാവമായിരുന്നു സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല നേരിട്ടിരുന്ന ഗുരുതരമായ പ്രതിസന്ധി. ട്രാക്റ്ററും കമ്പ്യൂട്ടറും കൊയ്ത്തു യന്ത്രവുമൊക്കെ കടന്നുവന്നപ്പോഴുണ്ടായ അതേ മാനസികാവസ്ഥ തന്നെയായിരുന്നു സമീപകാലം വരെ വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്നത്. നിലവിലുള്ളതിനപ്പുറം ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന സ്വാര്‍ത്ഥപരവും സങ്കുചിതവുമായ നിലപാടുകള്‍ ചിലര്‍ സ്വീകരിച്ചപ്പോള്‍ ചക്കിനുചുറ്റും കറങ്ങുന്ന കാളയെപ്പോലെ വിദ്യാഭ്യാസ രംഗം മാറുകയായിരുന്നു.
അധ്യാപക വിദ്യാര്‍ത്ഥി സമരങ്ങളും അവയുണ്ടാക്കുന്ന രാഷ്ട്രീയ സംഘടിത താല്‍പ്പര്യങ്ങളും ഒരു സുപ്രഭാതത്തില്‍ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പരിണിത ഫലവും വിദ്യാഭ്യാസ രംഗത്തെ തുറന്ന സാധ്യതയുടെ ഉല്‍പന്നമായുണ്ടാവുന്ന സാമൂഹിക രാഷ്ട്രീയ മാപിനിയിലെ വ്യത്യാസവുമൊക്കെ ദീര്‍ഘ ദൃഷ്ടിയോടെ കണ്ടവരായിരുന്നു വൃത്തത്തിനകത്തുനിന്ന് പുറത്തുചാടാനനുവദിക്കാതെ ഈ മേഖലയുടെ കാവല്‍ക്കാരായി നിന്നത്. സ്കൂളുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനേര്‍പ്പെടുത്തിയ നിരോധനവും തെരഞ്ഞെടുപ്പിലെ നിയന്ത്രണവും പലരെയും അസ്വസ്ഥരാക്കിയതിന്റെ കാരണവും ഇതുതന്നെയായിരുന്നു.
സര്‍ക്കാര്‍ മേഖലയും എയ്ഡഡ് മേഖലയുമെന്ന രണ്ട് വിഭാഗങ്ങളാക്കി പരസ്പരം ശത്രുതാപരമായ ഒരവസ്ഥയിലേക്ക് എത്തിച്ച നാളുകള്‍ മറക്കാറായിട്ടില്ല. കോടികള്‍ വാരിക്കുട്ടുന്ന വിദ്യാഭ്യാസ മേഖലയിലെ കച്ചവടക്കാരെന്ന മുദ്രയടിച്ച് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്ക് എതിരെ പടയൊരുക്കം നടത്തിയവര്‍ക്ക് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കപ്പുറം ചെറിയ വൃത്തത്തിനകത്തെ താല്‍പര്യം സംരക്ഷിക്കണമെന്നതേയുണ്ടായിരുന്നുള്ളൂ.
അതേ സമയം വിദ്യയെന്ന വെളിച്ചത്തിനുവേണ്ടി നെട്ടോട്ടമോടുകയായിരുന്നു കേരളത്തിലെ വിദ്യാര്‍ത്ഥികള്‍. സ്വന്തം നാട്ടില്‍ ലഭ്യമല്ലാത്തത് പുറംനാട്ടില്‍ സുലഭമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ലക്ഷങ്ങളുമായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് പഠനത്തിനുവേണ്ടി ചേക്കേറിയത് സ്വന്തം നാടിനെ പഴിച്ചുകൊണ്ടായിരുന്നു.
വൈകിയാണെങ്കിലും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം നിമിത്തമുണ്ടായ തിരിച്ചറിവാണ് മേല്‍ സൂചിപ്പിച്ച ജാഗരണത്തിന് നിമിത്തമായ സ്വാശ്രയ സ്ഥാപനങ്ങളുടെ കടന്നുവരവിലേക്ക് വഴിതെളിയിച്ചത്. അതേ സമയം അപ്പോഴേക്കും ശതകോടികള്‍ അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നമ്മുടെ നാട്ടില്‍ നിന്ന് ഒഴുകിപ്പോയിരുന്നു. അപ്രായോഗികവും കാലാനുസൃതമല്ലാത്ത പഴഞ്ചന്‍ നിലപാടുകള്‍ വെച്ച് പുലര്‍ത്തി കുറേ നല്ല അവസരങ്ങളാണ് നാം വെറുതെ നഷ്ടപ്പെടുത്തിയത്. സ്വാശ്രയ സ്ഥാപനങ്ങളുടെ അതേ ഗണത്തില്‍ വരുന്ന അണ്‍എയ്ഡഡ് മേഖലയോടുള്ള ചിലരുടെ നിലപാടുകള്‍ ഇപ്പോഴും മാറിയിട്ടില്ല. ഒരു കാലത്ത് എയ്ഡഡ് മേഖലയോട് യുദ്ധം പ്രഖ്യാപിച്ചവര്‍ ഇപ്പോള്‍ എയ്ഡഡിനെ കൈവിട്ട് അണ്‍എയ്ഡഡിനെയാണ് പിടികൂടിയിരിക്കുന്നത്. കച്ചവടമെന്ന പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ട് അണ്‍എയ്ഡഡ് മേഖലയെയും മുദ്രയടിക്കാനാണ് ചില കോണുകളില്‍ നിന്നുള്ള ശ്രമങ്ങള്‍.
സര്‍ക്കാറിന് ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യത വരാതെ പ്രവര്‍ത്തിക്കുന്നവയാണ് അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍. കോടിക്കണക്കിന് രൂപ മുടക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ബഹുഭൂരിഭാഗവും ധര്‍മ്മ സ്ഥാപനങ്ങളാണ്. ആവശ്യമായ സ്ഥലത്ത് പൊതു വിദ്യാലയങ്ങള്‍ ലഭ്യമാവാതെ വന്നപ്പോള്‍ സ്വയം താല്‍പര്യമെടുത്ത് സ്ഥാപിക്കപ്പെട്ട ഇത്തരം വിദ്യാലയങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാറിന്റെ സിലബസും വ്യവസ്ഥകളും പാലിച്ചുകൊണ്ട് തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നിരിക്കെ, അണ്‍ എയ്ഡഡിനെതിരേയുള്ള യുദ്ധ പ്രഖ്യാപനത്തിന്റെ കാരണം മനസ്സിലാവുന്നില്ല. ഒന്നിച്ചിരുന്ന് പഠിക്കാനുള്ള അവസരങ്ങള്‍ ഇത്തരം വിദ്യാലയങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന വിമര്‍ശനം വസ്തുതാപരമല്ല. പൊതു വിദ്യാലയങ്ങളെ പോലെതന്നെ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളും മതപരമോ ജാതിപരമോ ഉള്ള വ്യത്യാസമില്ലാതെയാണ് എല്ലാ സ്ഥാപനങ്ങളിലും ഒന്നിച്ചിരുന്ന് പഠിക്കുന്നത്. ഉപരിപഠന സൗകര്യത്തിന്റെ കാര്യത്തില്‍ ഇന്ന് കൂടുതലായി അവലംബിക്കപ്പെടുന്നത് ജാതിമത സംഘടനകള്‍ എന്ന് ആക്ഷേപിക്കുന്നവര്‍ നടത്തുന്ന സ്ഥാപനങ്ങളെയാണ്. പൊതു വിദ്യാലയത്തില്‍ മാത്രമേ ഒന്നിച്ചിരുന്ന് പഠിക്കാന്‍ സൗകര്യമുള്ളൂ എന്ന് വാദിക്കുന്നവര്‍ ഉപരിപഠന കാര്യത്തില്‍ ഈ വാദം ഉന്നയിക്കാത്തതിന്റെ യുക്തി ദുരൂഹമാണ്.
സ്വന്തം മക്കള്‍ എവിടെ പഠിക്കണമെന്നും എന്തു പഠിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശത്തില്‍ മറ്റുള്ളവര്‍ കൈ കടത്തുന്നത് ഭൂഷണമല്ല. നാടും നാട്ടുകാരും എല്ലാ മേഖലയിലും സ്വയം പര്യാപ്തരാവുന്നത് എല്ലാവരുടേയും സ്വപ്നമാണ്. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ മുതല്‍ മുടക്ക് എത്രത്തോളം കുറയുന്നുവോ ആ പണം വികസന കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നത് വിസ്മരിക്കപ്പെടരുത്.
വിദ്യാഭ്യാസം സമൂഹത്തിന്റെ അടിസ്ഥാനപരമായ ജീവല്‍ പ്രശ്നമാണ്. സങ്കുചിത നിലപാടുകള്‍ ഈ മേഖലയെ സ്വാധീനിക്കാനവസരമുണ്ടായിക്കൂടാ. ഏതാനും പേരുടെ തൊഴില്‍ പ്രശ്നമെന്ന തലത്തിലേക്ക് ഈ വിഷയം ചുരുക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരവും നാടിന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്നതുമാണ്. വിജ്ഞാനത്തിന് അതിര്‍ത്തിയില്ലാത്തതുപോലെതന്നെ അത് സ്വായത്തമാക്കാനുള്ള അവസരങ്ങളും തുറന്നതാവണം. അതേ സമയം രാജ്യത്തിന്റെ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക