WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ജൂൺ 11, 2011

VICTORY OF MUSLIM LEAGUE (posted by- muhammed chittangadan)

വിജയത്തിന്റെ രസതന്ത്രം
""മുസ്ലിംലീഗ് പച്ച പിടിക്കുന്നു,’ ‘കാലം ചുവപ്പിനെ മായ്ക്കുന്നു''’ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മലയാള പത്രങ്ങളിലായി വന്ന രാഷ്ട്രീയ നിരീക്ഷണങ്ങളുടെ തലക്കെട്ടാണ് ഇവിടെ ഉദ്ധരിച്ചത്. 34 കൊല്ലം തുടര്‍ച്ചയായി ഭരണം കയ്യാളിയ ബംഗാളും പലതവണ മാറിമാറി ഭരിച്ച കേരളവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടപ്പെട്ട സംഭവ വികാസങ്ങളെ സംബന്ധിച്ചാണ് "കാലം ചുവപ്പിനെ മായ്ക്കുന്നു' എന്ന തലക്കെട്ടോടെ ഒരു മാധ്യമം തെരഞ്ഞെടുപ്പ് അവലോകനം ചെയ്തതെങ്കില്‍ പര്‍വ്വതസമാനമായ പ്രതിസന്ധികളെ അതിജീവിച്ച് മുസ്ലിംലീഗ് കരസ്ഥമാക്കിയ 20 സീറ്റുകളുടെ

വിജയത്തെയാണ് "മുസ്ലിംലീഗ് പച്ച പിടിക്കുന്നു' എന്ന തലക്കെട്ടോടെ മുസ്ലിംലീഗിനെ വിമര്‍ശിക്കുന്ന മറ്റൊരു പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് പരാജയപ്പെട്ടപ്പോള്‍ പച്ച പുതപ്പിന് തീ പിടിക്കുന്നു എന്ന് എഴുതിയ പത്രത്തിന് പോലും 2011ലെ ജനവിധിയെ സംബന്ധിച്ച് "ലീഗ് മുന്നേറ്റം ശക്തം' എന്ന് എഴുതേണ്ടിവന്നു. 2006ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം ‘ങൗഹെശാ ഘലമഴൗല ഇീഹഹമുലെറ’ എന്നായിരുന്നു തലക്കെട്ട് നല്‍കിയതെങ്കില്‍ ‘ഠവല ആലtെേവെീം ീള ങൗഹെശാ ഘലമഴൗല’ എന്ന തലക്കെട്ട് നല്‍കി 2011ലെ വിജയത്തെ അതേ പത്രം വര്‍ണ്ണിക്കുകയുണ്ടായി. മുസ്ലിം തീവ്രവാദികളെയും മത മൗലിക വാദികളെയും മെരുക്കി കെട്ടിയതിന് ലീഗ് നേടിയ തകര്‍പ്പന്‍ വിജയമാണിതെന്നും ലീഗ് രാഷ്ട്രീയമായി ആണത്തം കാട്ടിയെന്നും തെരഞ്ഞെടുപ്പ് വിജയത്തെ സംബന്ധിച്ചുള്ള അവലോകനത്തില്‍ പ്രമുഖ കോളമിസ്റ്റ് കെ.എം. റോയ് അഭിപ്രായപ്പെട്ടു. ലീഗിന്റെ ഗ്രാഫ് ആകാശംമുട്ടെ ഉയര്‍ന്ന ഈ തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയ ഉയരങ്ങളും പാര്‍ട്ടിയുടെ ഏണി കീഴടക്കുകയായിരുന്നു.
കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയാവട്ടെ എല്ലാ രാഷ്ട്രീയ കേന്ദ്രങ്ങളിലും സജീവ ചര്‍ച്ചയാവുകയാണ്. ഏഴുതവണ ജയിക്കുകയും തുടര്‍ന്ന് എട്ട് നിലയില്‍ പൊട്ടുകയും ചെയ്ത ബംഗാളില്‍ മമതാ ബാനര്‍ജി അധികാരമേറ്റെടുത്ത് കഴിഞ്ഞു. അധികാരത്തോടടുക്കും തോറും ജനങ്ങളില്‍ നിന്നകലെയെന്ന സമീപനം സ്വീകരിച്ച സി.പി.എം. തോല്‍വിയുടെ രുചി കനത്ത തോതിലറിയുകയായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയടക്കം ഒട്ടേറെ മന്ത്രിമാര്‍ തോറ്റ ബംഗാളില്‍ ഹൗറ, മിഡ്നാപൂര്‍, കല്‍ക്കത്ത സൗത്ത് എന്നീ ജില്ലകളില്‍ സി.പി.എമ്മിന് എം.എല്‍.എ.മാരെ പോലും ജയിപ്പിക്കാന്‍ സാധിച്ചില്ല എന്നത് വംഗനാട്ടിലെ കമ്മ്യൂണിസത്തിന്റെ പതനം ബോദ്ധ്യപ്പെടുത്തുന്നതാണ്. കേരളത്തിലെ ചില ജില്ലകളില്‍ കോണ്‍ഗ്രസിന് എം.എല്‍.എ.മാരില്ല എന്ന് അട്ടഹസിക്കുന്ന സി.പി.എം. നേതൃത്വം ഈ വാര്‍ത്തകള്‍ക്ക് നേരെ കണ്ണടക്കുകയാണ്. പ്രമുഖ പത്രപ്രവര്‍ത്തകനായ എം.ജെ. അക്ബറിന്റെ ദൃഷ്ടിയില്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോഴാണ് ബംഗാളിലെ വോട്ടര്‍മാരില്‍ 30 ശതമാനത്തോളം വരുന്ന മുസ്ലിംകള്‍ക്ക് തങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ വഞ്ചിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം ബോധ്യമായതെന്നും അത്തരമൊരു രാഷ്ട്രീയ പ്രതികാരത്തിന്റെ മുഖമായി അവര്‍ മമതാ ബാനര്‍ജിയെ തെരഞ്ഞെടുത്തതെന്നും വിലയിരുത്തുന്നു. കമ്മ്യൂണിസ്റ്റ് ചിന്തകന്‍ പി. ഗോവിന്ദപിള്ളയാകട്ടെ മൂന്നര ദശാബ്ദം തുടര്‍ച്ചയായി അധികാരമുണ്ടായിട്ടും ബംഗാള്‍ സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്മ്യൂണിസം പരാജയപ്പെട്ടുവെന്നും മനുഷ്യ സമൂഹത്തിന്റെ ജീവിത ഗുണനിലവാരം മെച്ചപ്പെട്ടതാക്കുവാന്‍ ഒരു സാമൂഹിക വിപ്ലവം പൂര്‍ത്തീകരിക്കുന്നതില്‍ ബംഗാളിലെ ലീഡര്‍ഷിപ്പിന് സാധിച്ചില്ല എന്നുള്ളത് ഒരു ഭീമ പരാജയമാണെന്നും തുറന്ന് സമ്മതിക്കുന്നുണ്ട്.
സി.പി.എമ്മിന്റെ കേരളത്തിലെ തോല്‍വി കൂട്ടക്കരച്ചിലിന് തുല്യമാണ്. തോല്‍വിയെ സംബന്ധിച്ച് അവലോകനം നടത്തിയ സി.പി.എം. സംസ്ഥാന നേതൃയോഗം ഭരണ വിരുദ്ധ വികാരമുണ്ടായിട്ടില്ല എന്ന ഒരു രക്ഷപ്പെടല്‍ പ്രസ്താവനയുമായാണ് രംഗത്ത് വന്നിരിക്കുന്നത്.
അധികാരത്തിന്റെ സിരാകേന്ദ്രമായ അനന്തപുരിയില്‍ പോലും ഇടതുപക്ഷം എട്ടു സീറ്റില്‍ തോറ്റത് രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ഇത്തരം പരാജയങ്ങളെല്ലാം വിശദീകരിക്കുവാനുള്ള ബാദ്ധ്യതയില്‍ നിന്ന് ഇടതുപക്ഷ ക്യാമ്പുകള്‍ തലയൂരാന്‍ ശ്രമിക്കുകയാണ്. പെരിന്തല്‍മണ്ണയിലെ അലിഗഡ് ക്യാമ്പസിന്റെ പിതൃത്വം പോലും അവകാശപ്പെടുന്ന എം.എല്‍.എ, വി. ശശികുമാര്‍ 9589 വോട്ടിന് മഞ്ഞളാംകുഴി അലിയോട് തോറ്റപ്പോള്‍ ഹിന്ദു ദിനപത്രത്തിന്റെ പ്രതിനിധിയോട് പ്രതികരിച്ചത് ‘ഞലമഹഹ്യ ക േശ െമ വെീരസ’ എന്നാണ്. സത്യത്തില്‍ ഇടതുപക്ഷത്തിന് കേരള ജനത നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റായിരുന്നു 2011ലെ ജനവിധി.
യു.ഡി.എഫിന്റെ ആദ്യയോഗം പൂജപ്പുര ജയിലിലെന്ന വി.എസിന്റെ അഹങ്കാര പ്രസ്താവനക്കുള്ള മറുപടിയായിരുന്നു മെയ് 18ന് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആദ്യ ക്യാബിനറ്റ് യോഗം. അഞ്ച് വര്‍ഷം മുമ്പ് പതിനഞ്ച് വയസ്സായ മലപ്പുറത്തെ കുട്ടികള്‍ എസ്.എസ്.എല്‍.സി. കോപ്പിയടിച്ച് ജയിച്ചവരാണ് എന്ന വി.എസിന്റെ കുപ്രസിദ്ധ പ്രസ്താവനക്ക് പ്രായപൂര്‍ത്തി വോട്ടവകാശം സിദ്ധിച്ച ആദ്യ അവസരത്തില്‍ തന്നെ മലപ്പുറത്തെ കുട്ടികള്‍ പണി കൊടുത്തു എന്നതിന്റെ തെളിവാണ് മലപ്പുറത്തെ ചരിത്ര വിജയമെന്നു കൂടി വിലയിരുത്തേണ്ടതുണ്ട്. ആള്‍ ദൈവമായി വി.എസ് അവതരിപ്പിക്കപ്പെട്ട പാലക്കാട് ജില്ലയില്‍ പോലും സി.പി മുഹമ്മദ്, അഡ്വ. എന്‍. ഷംസുദ്ദീന്‍, ശാഫി പറമ്പില്‍, കെ. അച്യുതന്‍, വി.ടി. ബല്‍റാം എന്നീ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അത്തരമൊരു സംസ്ക്കാരത്തിന് കേരളത്തില്‍ സ്ഥാനമില്ല എന്നതിന്റെ തെളിവാണ്. ഒട്ടേറെ മീഡിയ കവറേജ് ഉണ്ടാക്കി അച്യുതാനന്ദന്‍ പ്രസംഗിച്ച വേങ്ങരയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി 38237 വോട്ടിന്റെ ലീഡ് നേടി ഭൂരിപക്ഷത്തില്‍ കേരള സംസ്ഥാനത്ത് 2ാം റാങ്ക് നേടിയത് രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോട് കൂടി നോക്കിക്കണ്ട രാഷ്ട്രീയ വസ്തുതയാണ്. നാലേ മുക്കാല്‍ കൊല്ലക്കാലത്തെ ഒരു ഭരണ നാടകം അവസാനിക്കുമ്പോള്‍ കര്‍ട്ടണ്‍ താഴ്ത്തുന്നതിന് മുമ്പ് നടത്തിയ ഒരു പൊളിറ്റിക്കല്‍ നമ്പര്‍ പൊളിഞ്ഞ് പാളീസാകുന്നതും ഇതോട് കൂടി കേരളം കണ്ടു. അഴിമതിക്കെതിരെ പട നയിക്കുന്നവര്‍ എന്ന ബഹുമതി വി.എസിന് നല്‍കാന്‍ ശ്രമിക്കുന്നവര്‍ രണ്ട് കണ്ണും തുറന്ന് കാണേണ്ട യാഥാര്‍ത്ഥ്യം കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയായ ലാവ്ലിന്‍ വിഷയത്തിന്റെ പേരിലാണ് സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘം പോളിറ്റ്ബ്യൂറോയില്‍ നിന്ന് അച്യുതാനന്ദന്റെ തല ഉരുട്ടി താഴെ ഇട്ടത്. കെ.എം. ഷാജഹാന്റെ "ചുവന്ന അടയാളങ്ങള്‍' എന്ന പുസ്തകം അവസാനിക്കുന്നത് പ്രതിഛായക്ക് പകരം വി.എസിന് പ്രതിയുടെ ഛായ നല്‍കിയാണ്.
സാമുദായിക ശക്തികളുടെ വിജയം എന്ന പ്രസ്താവന വഴി യു.ഡി.എഫ്. വിജയത്തെ കൊച്ചാക്കി കാണുവാന്‍ ശ്രമിക്കുന്ന സി.പി.എമ്മാണ് എല്ലാ അവിഹിത രാഷ്ട്രീയ ബന്ധങ്ങള്‍ക്കും കൂട്ടുനിന്നിട്ടുള്ളത് എന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തെ അച്യുതാനന്ദ സമരത്തിന്റെ കിടയ്ക്കക്ക് സമീപം ബി.ജെ.പി. നേതാവ് ഒ. രാജഗോപാലിന്റെ സാന്നിദ്ധ്യവും കണ്ണൂരിലെ പ്രതിജ്ഞാ സമരമുഖത്ത് സി.പി.എം. എം.എല്‍.എ.മാരുടെ കൂടെ ബി.ജെ.പി. കേരള അദ്ധ്യക്ഷന്‍ വി. മുരളീധരന്റെ പങ്കാളിത്തവുമൊക്കെ. അന്നന്നത്തെ അത്താഴത്തിന് ആരുമായും കൂട്ടുചേരുന്ന സി.പി.എമ്മിന് സ്വന്തം എം.എല്‍.എ. അല്‍ഫോന്‍സ് കണ്ണന്താനം നേര്‍ക്കു നേരെ ബി.ജെ.പി.യിലേക്ക് പ്രവേശിച്ചത് മറക്കാനാവുകയില്ല. രാഷ്ട്രീയ സുനാമിയില്‍ കേരളത്തിലെ ജനങ്ങളാണ് തോല്പിച്ചതെന്നും 2006ലെ തെരഞ്ഞെടുപ്പില്‍ അധികാരമേറുമ്പോള്‍ ഒന്നിച്ചുണ്ടായിരുന്ന ജനം ഇപ്പോള്‍ ഒന്നിച്ചില്ലാ എന്നുള്ളതും സി.പി.എം. തിരിച്ചറിയേണ്ട രാഷ്ട്രീയ സത്യങ്ങളാണ്.
"ദൈവം കാണുന്നു, കാത്തിരിക്കുന്നു' എന്ന പാശ്ചാത്യ കഥയുടെ തലക്കെട്ടിന് സമാനമാണ് 2011ലെ ജനവിധി. കമ്മ്യൂണിസ്റ്റ് ക്യൂബയിലെ അവസാനത്തെ ചിരിക്ക് ശേഷം ബംഗാളിലും കേരളത്തിലും ചുവന്ന സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. അഗര്‍ത്തലയിലെ അങ്ങേത്തലക്കല്‍ ത്രിപുരയിലെ മണിക്ക് സര്‍ക്കാര്‍ മാത്രം നിമിഷങ്ങളെണ്ണി പൊളിറ്റിക്കല്‍ കാഷ്വാലിറ്റിയിലാണ്. മതനിരപേക്ഷ രാഷ്ട്രീയത്തിലെ അണമുറിയാത്ത കണ്ണി മുസ്ലിംലീഗാവട്ടെ എല്ലാ രാഷ്ട്രീയമായ ജീര്‍ണ്ണതകളോടും ഏറ്റുമുട്ടി, പ്രത്യുല്പാദനപരമായ അജണ്ട സ്വീകരിച്ച് മുന്നേറി പതിനാലര ലക്ഷം വോട്ട് നേടി എട്ടേകാല്‍ ശതമാനം വോട്ടിന്റെ പിന്‍ബലവുമായി ഇരുപത് സീറ്റിന്റെ വിജയത്തില്‍ ജ്വലിച്ചു നില്‍ക്കുകയാണ്.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

good..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക