WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

മതത്തിനുമപ്പുറത്തൊരു അഛന്‍ .


ചരിത്രം വിജയിച്ചവരുടേതാണ് എന്നത് വെറും ചൊല്ല് മാത്രമല്ല സത്യം തന്നെ. എന്നാല്‍ ചിലപ്പോള്‍ പരാജയങ്ങളും ചരിത്രഗതി നിര്‍ണ്ണയിക്കും. അവയെ നാം മഹത്തായ പരാജയങ്ങളെന്ന് വിളിക്കുന്നു. തൂക്കിലേറ്റപ്പെട്ട ഷഹീദ് ഭഗത്സിംഗ് മഹത്തായ പരാജയമായിരുന്നു. മഹാത്മാഗാന്ധിയും ഒരര്‍ത്ഥത്തില്‍ പരാജയംതന്നെ. പക്ഷേ അത്തരം പരാജയങ്ങളുടെ അടിസ്ഥാന ശ്രുതിയായി വര്‍ത്തിക്കുന്ന, സത്യം സിംഹാസനങ്ങളെ വിറപ്പിച്ചുകൊണ്ടേയിരിക്കും. മാവേലിക്കര താമരക്കുളം കൊട്ടക്കാട്ടുശ്ശേരി മണലാടി തെക്കേതില്‍ ഗോപിനാഥപിള്ളയുടെ ജീവിതം പതിവ് മാനദണ്ഡങ്ങളനുസരിച്ച് വിലയിരുത്തിയാല്‍ പരാജയമാണ്. മകന്‍ പ്രാണേഷ്കുമാര്‍ മതംമാറി വിവാഹം കഴിച്ചു, തീവ്രവാദിയെന്ന് മുദ്രകുത്തപ്പെട്ടു സുരക്ഷാ സേനയുടെ തോക്കിന്നിരയായി കൊല്ലപ്പെട്ടു, അതിന്റെ ചീത്തപ്പേരുണ്ടാക്കിയ ഒറ്റപ്പെടലില്‍ വര്‍ഷങ്ങളോളം പിള്ളക്ക് ഉള്ളുനീറി ജീവിക്കേണ്ടിവന്നു, ദു:ഖകരമായ ജീവിതത്തിന്നിടയില്‍ ഭാര്യ മരിച്ചു ഇങ്ങനെ നോക്കിയാല്‍ ഗോപിനാഥപിള്ളയുടെ ബാലന്‍സ്ഷീറ്റില്‍ ആസ്തികളേക്കാളേറെ ബാധ്യതകളാണ്; അതിനിടയിലാണ് കടുത്ത രോഗപീഡകള്‍. ഈ മൈനസ് പോയന്റുകള്‍ക്കെല്ലാറ്റിനുമിടയില്‍ ഇപ്പോള്‍ എഴുപത്തിയൊന്ന് വയസ്സുള്ള ഈ മനുഷ്യന്‍ നിര്‍മ്മിച്ചത് സമാനതകളില്ലാത്ത ചരിത്രം. ഈ ചരിത്രത്തില്‍ അയാള്‍ രേഖപ്പെടുത്തിയത് അതിരുകളില്ലാത്ത സ്നേഹത്തിന്റേയും പരസ്പരവിശ്വാസത്തിന്റേയും വിട്ടുവീഴ്ചകളുടേയും മഷിയുണങ്ങാത്ത കയ്യൊപ്പുകള്‍.
പുത് എന്ന നരകത്തില്‍നിന്ന് പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്‍ എന്നത്രേ ഹൈന്ദവ വിശ്വാസം. തെക്കന്‍ തിരുവിതാംകൂറിലെ ഒരു ഇടത്തരം നായര്‍ കുടുംബത്തില്‍ എന്‍.എസ്.എസ്. കരയോഗവും കോണ്‍ഗ്രസ്സുമൊക്കെയായി ജീവിച്ചുപോന്ന ഗോപിനാഥപിള്ളയും മകന്‍ പ്രാണേഷിനെപ്പറ്റി വിചാരിച്ചത് ഇതൊക്കെത്തന്നെയാണ്. പക്ഷേ അന്യദേശത്ത് അന്നം തേടിപ്പോയ മകന്‍ സ്വര്‍ഗനരകങ്ങളെക്കുറിച്ചുള്ള മറ്റുചില സങ്കല്‍പങ്ങളിലാണ് എത്തിച്ചേര്‍ന്നത്. അത് പ്രണയിച്ച പെണ്ണിനെ കെട്ടാനാവാം, അല്ലാതാവാം. ഏതായാലും സാജിദയെന്ന പെണ്‍കുട്ടിയെ പരിണയിച്ച് ജാവേദ് ശൈഖായി മാറിയ പ്രാണേഷ്പിള്ള അച്ഛനെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട പോണിതന്നെയായിരുന്നു. ജാവേദിന്നും സൂര്യനായ്ത്തഴുകുന്ന അച്ഛനെത്തന്നെയായിരുന്നു ഏറെയിഷ്ടം. അതിനാല്‍ വിശ്വാസങ്ങള്‍ പരസ്പരം വേലികെട്ടാത്ത മനസ്സുകളുമായി ഗോപിനാഥപിള്ളയുടെ കുടുംബം ജീവിച്ചത്, അവിശ്വസനീയമായ ഇഴയടുപ്പത്തോടെയാണ്; ഇഹലോകത്തുതന്നെ മകന്‍ അച്ഛന്നുവേണ്ടി സ്വര്‍ഗം പണിതുവെന്ന് സാരം.
പക്ഷേ ഗോപിനാഥപിള്ളയുടെ സ്വര്‍ഗം തകര്‍ന്നുപോയതും ജീവിതത്തില്‍ ഇരുള്‍ പടര്‍ന്നതും രണ്ടായിരത്തിനാല് ജൂണ്‍ പതിനഞ്ചിനാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ ആക്രമിക്കാനെത്തിയ നാലംഗ ലഷ്കര്‍സംഘം ഒരു ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന വാര്‍ത്ത സാധാരണ നിലക്ക് ഗോപിനാഥപിള്ളയെ ബാധിക്കേണ്ടതില്ല. എന്നാല്‍ ഏറ്റുമുട്ടലില്‍ ഇശ്റത് ജഹാന്‍ എന്ന യുവതിയോടൊപ്പം മരിച്ചത് പ്രാണേഷ്പിള്ളയെന്ന ജാവേദ് ആയിരുന്നുവെന്ന വാര്‍ത്ത വന്നതോടെ ആ ജീവിതത്തിന്റെ സ്വഭാവം മാറി. പിന്നീട് പിള്ളക്ക് നേരിടേണ്ടിവന്നത് തീവ്രവാദിയുടെ അച്ഛനെന്ന ആട്ടും തുപ്പും; സമൂഹം ഏര്‍പ്പെടുത്തിയ അപ്രഖ്യാപിതമായ അകല്‍ച്ച, പോരാത്തതിന് പൊലീസിന്റെ സമ്മര്‍ദ്ദങ്ങള്‍ ഏതൊരാളും തകര്‍ന്നുപോകുന്ന ഈ ജീവിത സാഹചര്യങ്ങളില്‍ ഗോപിനാഥപിള്ളയെ പിടിച്ചുനിര്‍ത്തിയത് മകന്‍ തീവ്രവാദിയാവുകയില്ലെന്ന ഉറച്ച ബോധ്യമാണ്. ചില മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്‍ബലവും.
പിന്നീടുള്ള പിള്ളയുടെ ജീവിതമാണ് ചരിത്രമാവുന്നത്. അന്യമതക്കാരനായ പൗത്രന്‍ അബൂബക്കര്‍ സിദ്ദീഖിനെ ഒരുകൊല്ലം നാട്ടില്‍ നിര്‍ത്തി മദ്രസയിലും സ്കൂളിലും പഠിപ്പിക്കാന്‍ സ്വന്തം മതം അദ്ദേഹത്തിന് തടസ്സമായില്ല. അതോടെ ബന്ധുക്കളും നാട്ടുകാരും കൂടുതല്‍ അകന്നത് അദ്ദേഹത്തിന്റെ മനോവീര്യം വളര്‍ത്തുകയേ ചെയ്തുള്ളൂ. കുടുംബത്തില്‍ പ്രാണേഷിന്റെ വിഹിതം വിറ്റ് മരുമകള്‍ക്കും കുട്ടികള്‍ക്കും പൂണെയില്‍ ഫ്ളാറ്റ് വാങ്ങാന്‍ പിള്ള തീരുമാനിച്ചത് ഈ മനോബലം കൊണ്ടാണ്. ഇന്ന് അബൂബക്കര്‍ സിദ്ദീഖും സദഫും മൂസാ ഖലീലുല്ലയും ഉമ്മയോടൊപ്പം പൂണെയില്‍ കഴിയുമ്പോള്‍ ഗോപിനാഥപിള്ളക്ക് അനല്‍പ്പമായ ആഹ്ലാദം.
കടുത്ത ഹൃദ്രോഗത്തിന്നും ബൈപ്പാസ് സര്‍ജറിക്കും ശേഷവും മകന്റെ നിരപരാധിത്വം ഉറപ്പിച്ചുകിട്ടാന്‍ ഗോപിനാഥപിള്ള നടത്തിയ നിയമയുദ്ധമാണ്, ജാവേദിന്റെ മരണത്തിന്ന് കാരണമായത് വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിച്ചത്. പക്ഷേ ഗോപിനാഥപിള്ള ചരിത്രത്തില്‍ ഇടംപിടിക്കുന്നത് വര്‍ഗീയ സ്പര്‍ദ്ധയോട് അദ്ദേഹം നടത്തിയ നേര്‍ക്കുനേരെയുള്ള ഏറ്റുമുട്ടലിലൂടെയാണ്; പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്വന്തം ജീവിതംവഴി അദ്ദേഹം നേടിയ വിജയത്തിലൂടെയും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക