വ്യാഴാഴ്‌ച, ഡിസംബർ 08, 2011
മൊറയൂര്‍ ക്ഷേത്രത്തിലെ തീപ്പിടിത്തം: 25 പേരെ ചോദ്യംചെയ്തു
മൊറയൂര്‍ : മൊറയൂര്‍ ശിവക്ഷേത്രത്തോടനുബന്ധിച്ചുള്ള ദേവീക്ഷേത്രത്തില്‍ തീപ്പിടിത്തമുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ പോലീസ് ചോദ്യംചെയ്തു.
ക്ഷേത്രവുമായി ബന്ധമുള്ളവരെയും സംശയ പട്ടികയിലുള്ളവരെയുമാണ് ചോദ്യംചെയ്യുന്നത്. മൊബൈല്‍ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ വന്നതും പോയതുമായ കോളുകളാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ദേവീക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചതായി കണ്ടത്. മേല്‍ക്കൂരയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് ഉത്തരത്തിന്റെ ഒരുഭാഗം, മൂലക്കഴുക്കോല്‍, പട്ടിക എന്നിവ കത്തിനശിച്ചിരുന്നു.
ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണമറിയാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. റിപ്പോര്‍ട്ട് ലഭിക്കുന്നതിന് പോലീസ് കോടതിമുഖേന റീജ്യണല്‍ കെമിക്കല്‍ലാബിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
അതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ബുധനാഴ്ച ക്ഷേത്രം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. മേല്‍ക്കൂരയിലൂടെ വയറുകള്‍ കടന്നുപോകുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ സാധ്യതകളാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധിച്ചത്.
കൊണ്ടോട്ടി എസ്.ഐ എം. മുഹമ്മദ്ഹനീഫയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അന്വേഷണത്തെ സഹായിക്കുന്നുണ്ട്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക