മലപ്പുറം: പെരിന്തല്‍മണ്ണയിലെ ചേലാമലയെന്ന മലയോരഗ്രാമത്തിന്റെ മേല്‍വിലാസം ശനിയാഴ്ച മാറുകയാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലകളിലൊന്നായ അലിഗഢിന്റെ ഓഫ് കാമ്പസിന് ചേലാമല ആതിഥ്യമരുളും. രാവിലെ 10.30ന് എ.എം.യു സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഓഫ് കാമ്പസ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് നിര്‍വ്വഹിക്കും. എ.എം.യു വെബ്‌സൈറ്റ് മന്ത്രി കുഞ്ഞാലിക്കുട്ടിയും ഇലക്ട്രിസിറ്റി പ്രൊജക്റ്റ് മന്ത്രി ആര്യാടന്‍ മുഹമ്മദും ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി. കെ. അബ്ദുറബ്ബ്, എ.എം.യു രജിസ്ട്രാര്‍ വി.കെ അബ്ദുള്‍ ജലീല്‍ എന്നിവര്‍ പങ്കെടുക്കും. താത്കാലിക കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ല. ഉദ്ഘാടനത്തിനുമുമ്പ് തകൃതിയായി അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം ഒരുക്കാനാണ് പദ്ധതി. ഇപ്പോള്‍ അവധിക്കാലമാണ്. ജനവരിയോടെ ക്ലാസ് തുടങ്ങും. മാര്‍ച്ചിനകം താത്കാലിക കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവും. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഉദ്ഘാടനച്ചടങ്ങെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ പത്രസമ്മേളനത്തില്‍ പറഞ്ഞു. 13 കോടി രൂപയാണ് താത്കാലിക കെട്ടിടങ്ങളുടെ ചെലവ്. രണ്ട് ഘട്ടങ്ങളിലായി 336 ഏക്കറാണ് സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത്. ഇവിടേക്കുള്ള റോഡ് നിര്‍മ്മാണത്തിനായി എട്ട് ഏക്കര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ജലലഭ്യതയ്ക്കും വൈദ്യുതിക്കുമായി 57 ലക്ഷം രൂപയും ജലവിതരണത്തിന് 14 കോടി രൂപയും വകയിരുത്തി. അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മതില്‍ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി. യഥാര്‍ഥ കെട്ടിടങ്ങള്‍ പൂര്‍ത്തിയായാലും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുതകുന്ന വിധത്തിലാണ് താത്കാലിക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, രണ്ട് അക്കാദമിക് ബ്ലോക്ക്, ആണ്‍കുട്ടികള്‍ക്ക് അഞ്ചും പെണ്‍കുട്ടികള്‍ക്ക് മൂന്നും ഹോസ്റ്റലുകള്‍, 20 സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ്. ആരോഗ്യ കേന്ദ്രം, അതിഥിമന്ദിരം എന്നിവയുടെ നിര്‍മാണം അടുത്ത ഘട്ടത്തില്‍ നടക്കും. ചടങ്ങ് നടക്കുന്ന ചേലാമലയിലേക്ക് പെരിന്തല്‍മണ്ണ തറയില്‍ ബസ്‌സ്റ്റാന്‍ഡില്‍നിന്ന് വാഹന ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. മോട്ടോര്‍ ബൈക്കുകള്‍ക്കും പങ്കെടുക്കാം. ചേലാമലയിലെത്താന്‍ ജനങ്ങള്‍ക്ക് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗജന്യ ബസ് സര്‍വ്വീസുകള്‍ രാവിലെ ഒമ്പതിന് തറയില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടും. തീവണ്ടി മാര്‍ഗം വരുന്നവര്‍ ചെറുകര റെയില്‍വെ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്. ട്രെയിന്‍ വരുന്നസമയത്ത് ചെറുകരയില്‍ നിന്നും പ്രത്യേകവാഹനം ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ ഡോ. പി. മുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഉമ്മര്‍ അറക്കല്‍, അലിഗഢ് കോര്‍ട്ട് അംഗം ബഷീറലി ഷിഹാബ് തങ്ങള്‍ എന്നിവരും പങ്കെടുത്തു. കടപ്പാട് : മാത്രഭൂമി |
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക