WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ജൂലൈ 09, 2011

മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്

മലപ്പുറത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്
posted by MUHAMMED CHITTANGADAN
ജില്ലയുടെ ചിരകാല മോഹത്തിന് യു.ഡി.എഫ്. സര്‍ക്കാറിലൂടെ സാഫല്യം. ജനസംഖ്യയിലും രോഗികളുടെ എണ്ണത്തിലും മുന്നിലുള്ള മലപ്പുറത്തിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വേണമെന്ന ചന്ദ്രികയുടെ കൂടി ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ആരോഗ്യരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ മലപ്പുറത്തും കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജുകള്‍ അനുവദിച്ചത്. മലപ്പുറത്തിന്റെ ആവശ്യത്തില്‍ തുടങ്ങിയ ചര്‍ച്ചകള്‍ നാലു ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെട്ടു. അഞ്ചുകോടി രൂപ ഇതിനായി ബജറ്റില്‍ നീക്കിവെച്ചു. സംസ്ഥാനത്ത് 29വര്‍ഷത്തിനുശേഷമാണ് സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളജ് വരുന്നത്. 1982ല്‍ സ്ഥാപിച്ച തൃശൂര്‍ മെഡിക്കല്‍ കോളജാണ് അവസാനത്തേത്. 1954ല്‍ തിരുവനന്തപുരത്തും 1957 ല്‍ കോഴിക്കോട്ടും 1962ല്‍ ആലപ്പുഴയിലും 1970ല്‍ കോട്ടയത്തും മെഡിക്കല്‍ കോളജ് തുടങ്ങി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാത്രമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികില്‍സ തേടുന്നവരില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ് അധികവും. കോഴിക്കോടിന്റെ തിരക്ക് ഒഴിവാക്കാനും പാലക്കാട്, നീലഗിരി ജില്ലകള്‍ക്ക് കൂടി പ്രയോജനപ്പെടുന്നതിനും മലപ്പുത്ത് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്നാണ് ജനകീയ അഭിപ്രായ സമന്വയത്തിലൂടെ ചന്ദ്രിക ദിനപത്രം മുന്നോട്ടുവെച്ചത്. രാഷ്ട്രീയ, മത, സാംസ്കാരിക മേഖലയിലുള്ളവര്‍ ഇതിന് പിന്തുണയുമായി വന്നു.
സൗഹൃദ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാണക്കാടെത്തിപ്പപ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെഡിക്കല്‍ കോളജിന്റെയും മലയാളം സര്‍വ്വകലാശാലയുടെയും കാര്യം ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യത്തില്‍ അനുകൂല നിലപാട് ഉണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടി പിന്നീട് ഉറപ്പുനല്‍കി. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ മുന്നണിയിലും മന്ത്രിസഭയിലും പ്രധാനമായ ഇടപെടലുകള്‍ നടത്തി. മഞ്ചേരി എം.എല്‍.എ. അഡ്വ. എം. ഉമ്മര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ പ്രധാന്യവും ആവശ്യവും ധനകാര്യ, ആരോഗ്യമന്ത്രിമാരുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലക്കുണ്ടായ മുന്നേറ്റവും മെഡിക്കല്‍ കോളജ് അനുവദിക്കുന്നതില്‍ പങ്കുവഹിച്ചു. ജില്ലയിലെയും സമീപ ജില്ലകളിലെയും രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പഠന സൗകര്യങ്ങളും ലഭ്യമാവും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ തിരക്ക് കുറക്കുന്നതിനായി മലപ്പുറത്ത് മെഡിക്കല്‍ കോളജ് ആസ്പത്രിയുടെ ഒ.പി. തുടങ്ങുന്നതിന് 1980കളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇത് യാഥാര്‍ത്ഥ്യമായില്ല. 41.12 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിന് മൂന്നുപതിറ്റാണ്ടിന്റെ മോഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായത്. എല്ലാ ജില്ലകളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനവും ജില്ലയുടെ ആവശ്യത്തിനുള്ള അംഗീകാരമായി. ആരോഗ്യരംഗത്ത് പെയിന്‍ ആന്റ് പാലിയേറ്റീവ്, കിഡ്നി പേഷ്യന്റ്സ് വെല്‍ഫയര്‍ സൊസൈറ്റി തുടങ്ങി മലപ്പുറം ജില്ലയുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുകകൂടിയാണ് ധനമന്ത്രി കെ.എം. മാണി ബജറ്റിലൂടെ ചെയ്തിരിക്കുന്നത്.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക