WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ഞായറാഴ്‌ച, ജൂലൈ 31, 2011

വിലക്ക് ലംഘിച്ച് വീണ്ടും വി.എസ്; ലക്ഷ്യം പാര്‍ട്ടി സമ്മേളനങ്ങള്‍


വിലക്ക് ലംഘിച്ച് വീണ്ടും വി.എസ്; ലക്ഷ്യം പാര്‍ട്ടി സമ്മേളനങ്ങള്‍
posted- muhammed chittangadan


തിരുവനന്തപുരം: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ സന്ദര്‍ശിക്കുകയും പാര്‍ട്ടി നേതൃത്വത്തിന്റെ അച്ചടക്ക നടപടികളെ തള്ളിപ്പറയുകയും ചെയ്ത പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ നടപടി സി.പി.എമ്മില്‍ കാറും കോളും നിറയ്ക്കുന്നു. ഏറെക്കാലത്തെ നിശബ്ദതയ്ക്കുശേഷമാണ് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ മുഖം നഷ്ടമാകുന്ന രീതിയിലുള്ള വി.എസിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് സപ്തംബറില്‍ തുടക്കം കുറിക്കാനിരിക്കെയുള്ള വി.എസിന്റെ നീക്കങ്ങള്‍ക്കുപിന്നില്‍ പതിയിരിക്കുന്ന അപകടം സി.പി. എം. നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പാര്‍ട്ടി വിരുദ്ധ പ്രകടനങ്ങള്‍ ആയുധമാക്കി തിരിച്ചടിക്ക് പാര്‍ട്ടി നേതൃത്വം തുടക്കമിട്ടുകഴിഞ്ഞു. പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കും പ്രേരണ നല്‍കിയവര്‍ക്കുമെതിരെ അച്ചടക്ക നടപടി പാര്‍ട്ടി സ്വീകരിച്ചു കഴിഞ്ഞു.

അതേസമയം പാര്‍ട്ടി വിലക്ക് ലംഘിക്കുകയും പാര്‍ട്ടി നേതൃത്വത്തെ പരസ്യമായി പരിഹസിക്കുകയും ചെയ്ത വി.എസ്. അച്യുതാനന്ദനെതിരെ പ്രത്യക്ഷത്തിലുള്ള നീക്കങ്ങള്‍ക്ക് മുതിരേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വമെന്നും സൂചനയുണ്ട്. എന്നാല്‍ വി.എസിന്റെ അച്ചടക്ക ലംഘനങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രീതിയിലുള്ള ഗ്രൂപ്പ് ചേരിതിരിവുകള്‍ക്ക് തുടക്കമിട്ട മലപ്പുറം സംസ്ഥാന സമ്മേളന കാലഘട്ടത്തിലേതിന് സമാനമായ അവസ്ഥയാണ് പുതിയ സംഭവങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്.

പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്കുകള്‍ പൊട്ടിച്ചെറിയാനുള്ള കരുത്ത് തനിക്ക് ഇപ്പോഴുമുണ്ടെന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ കോട്ടയായ കണ്ണൂര്‍തന്നെ വി.എസ്. തിരഞ്ഞെടുത്തതില്‍ വി.എസ്.പക്ഷത്തെ നേതാക്കള്‍ ആഹ്ലാദഭരിതരാണ്. അതേസമയം മലപ്പുറം സമ്മേളന കാലഘട്ടത്തില്‍ നാലാം ലോകവാദത്തിനെതിരായ നിലപാട് ആയുധമാക്കി വി.എസ്. തുടക്കം കുറിച്ച പ്രത്യയശാസ്ത്ര പോരാട്ടം പിന്നീട് ദുര്‍ബലപ്പെട്ടുവെന്നത് വി.എസ്. അച്യുതാനന്ദനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

എങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ച്- ലോക്കല്‍ തലങ്ങളില്‍ പുതിയ ആശയ സമരത്തിന് തുടക്കം കുറിക്കാനാണ് വി.എസിന്റെ നീക്കം. ഭൂവിനിയോഗം, വികസനം തുടങ്ങിയ വിഷയങ്ങളില്‍ താന്‍ ഉയര്‍ത്തിയ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് ഇനി തള്ളിക്കളയാനാകില്ലെന്ന കണക്കുകൂട്ടലിലാണ് വി. എസിന്റെ നീക്കങ്ങള്‍.

പശ്ചിമ ബംഗാളിലെ തിരിച്ചടി പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളെ അപ്പാടെ ദുര്‍ബലരാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് അനുകൂലമായ നിലപാട് എപ്പോഴും കൈക്കൊള്ളാന്‍ കേന്ദ്ര നേതൃത്വത്തിനാകില്ല. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പ്രകടനങ്ങളുടെ പേരിലുള്ള അച്ചടക്ക നടപടി പ്രധാന പ്രശ്‌നമായി വി.എസ്. ഉന്നയിച്ചുകഴിഞ്ഞു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനുള്ള അവകാശം പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാണെന്ന വാദമാണ് വി.എസ്. ഉയര്‍ത്തിയത്.

ശരിയായ കാര്യത്തിനാണ് പ്രകടനങ്ങള്‍ നടന്നതെന്ന വി.എസിന്റെ വാദം, പാര്‍ട്ടി നേതൃത്വമാണ് തെറ്റുചെയ്തതെന്നും പാര്‍ട്ടിയുടെ തെറ്റുതിരുത്തിക്കുന്നതിനുവേണ്ടിയായിരുന്നു പ്രകടനങ്ങളെന്നതിന്റെ പരോക്ഷ പ്രഖ്യാപനമാണ്. പി. ശശിക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും അവസാനംവരെ സംരക്ഷിച്ച നേതൃത്വം പാര്‍ട്ടി അണികളെ വിവേചനരഹിതമായി പുറത്താക്കുകയാണെന്ന വാദമാണ് അദ്ദേഹം തുടര്‍ന്ന് ഉന്നയിക്കുക.

പാര്‍ട്ടി വിഭാഗീയതയില്‍ തന്റെ പക്ഷത്ത് നിന്നതിന്റെ പേരില്‍ മാത്രം പുറത്തായവരെ തിരിച്ച് പാര്‍ട്ടിയില്‍ എത്തിക്കണമെന്ന വാദവും ഇനി അദ്ദേഹം ഉന്നയിക്കും. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ഭവന സന്ദര്‍ശനം വഴി തനിക്കൊപ്പം നില്‍ക്കുന്നവരെ താന്‍ സംരക്ഷിക്കില്ലെന്ന മുന്‍കാല വിമര്‍ശനത്തെ മറികടക്കാനാകുമെന്നും വി.എസ്. കണക്കുകൂട്ടുന്നു.

എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒരു അത്ഭുതവും കാട്ടാന്‍ വി.എസിന് കഴിയില്ലെന്ന വിശ്വാസത്തിലാണ് ഔദ്യോഗികപക്ഷം. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളില്‍ പ്രൊഫ.എം.എന്‍. വിജയന്റെ നിലപാടുകള്‍ പിന്‍പറ്റി നിന്നതല്ലാതെ ഒരു ബദല്‍ രാഷ്ട്രീയ ലൈന്‍ പാര്‍ട്ടിക്കുള്ളില്‍ വി.എസ്. മുന്നോട്ടുവെച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്ത് 
ഇരുന്നിട്ടും കഴിഞ്ഞ കോട്ടയം സമ്മേളനത്തില്‍ ചലനമുണ്ടാക്കാന്‍ വി.എസിനായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു
(കടപ്പാട്;മാത്രുഭൂമി)

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക