WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ജൂലൈ 30, 2011

റമസാന്‍: നന്മയുടെ വസന്തോത്സവം സമാഗതമാകുന്നു


റമസാന്‍: നന്മയുടെ വസന്തോത്സവം സമാഗതമാകുന്നു
posted- muhammed chittangadan 
അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും മാസമായ വിശുദ്ധ റമസാന്റെ പടിവാതില്‍ക്കലാണ് നാമിപ്പോള്‍. പകല്‍ നോമ്പനുഷ്ഠിച്ചും രാത്രി നമസ്കരിച്ചും ദാനധര്‍മങ്ങള്‍ നല്‍കിയും സുകൃതങ്ങള്‍ വര്‍ധിപ്പിച്ചും ഈ മാസത്തില്‍ വിജയം വരിക്കാന്‍ വിശ്വാസികള്‍ സന്നദ്ധരാകുന്ന സന്ദര്‍ഭമാണിത്. ഈ മാസത്തെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ സജ്ജമാകണമെന്ന് റസൂല്‍ (സ) പ്രത്യേകം ഉപദേശിച്ചിട്ടുണ്ട്. അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചു: ""റമസാന്‍ മാസത്തിലെ ആദ്യ രാത്രി സമാഗതമായാല്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും തടവിലാക്കപ്പെടും. നരക കവാടങ്ങള്‍ അടക്കപ്പെടും. അതില്‍ നിന്നൊരു കവാടവും പിന്നെ തുറക്കപ്പെടുകയില്ല. അപ്രകാരം സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടും. പിന്നീടതില്‍ നിന്ന് ഒരു കവാടവും അടക്കപ്പെടുകയില്ല. അനന്തരം, നന്‍മ തേടുന്നവനേ മുന്നോട്ടു വരൂ, തിന്‍മ കാംക്ഷിക്കുന്നവരേ പിന്‍മാറൂ എന്ന വിളംബരമുണ്ടാകും. അല്ലാഹു നിരവധിയാളുകളെ നരകത്തില്‍ നിന്ന് മോചിപ്പിക്കും. എല്ലാ രാത്രികളിലും ഇതാവര്‍ത്തിക്കും''.
ഈ പരിപാവന മാസത്തിന്റെ പവിത്രതക്ക് കോട്ടം തട്ടുന്ന ഏഷണി, പരദൂഷണം തുടങ്ങി അല്ലാഹുവിന് ഇഷ്ടമില്ലാത്ത തിന്‍മകളില്‍ നിന്നെല്ലാം മാറി നില്‍ക്കാന്‍ നോമ്പുകാരന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. റസൂല്‍ (സ) അരുള്‍ ചെയ്തു: "അസത്യ ഭാഷണവും അനാശാസ്യ പ്രവര്‍ത്തനങ്ങളും കൈവെടിയുന്നില്ലങ്കില്‍ അവന്‍ തന്റെ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് താല്‍പര്യമില്ല (ബുഖാരി''.
വിശ്വാസികളില്‍ സൂക്ഷ്മതാ ബോധം വളര്‍ത്താനാണ് വ്രതം നിര്‍ബന്ധമാക്കിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ ശാസനകള്‍ അംഗീകരിക്കുക, അല്ലാഹു വിരോധിച്ച കാര്യങ്ങള്‍ വെടിയുക.
നിയ്യത്ത് നന്നാക്കിയും പശ്ചാത്തപിച്ചും സല്‍കര്‍മങ്ങള്‍ ചെയ്തും വേണം നാം വിശുദ്ധ റമസാനെ വരവേല്‍ക്കാന്‍. പൂര്‍വ പാപങ്ങളെല്ലാം പൊറുക്കപ്പെടാന്‍ നോമ്പ് പര്യാപ്തമാണെന്ന് റസൂല്‍ (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്.
അതിനാല്‍ റമസാനില്‍ വ്രതമെടുക്കുന്ന വിശ്വാസികള്‍ അതിന്റെ വിധിവിലക്കുകള്‍ വിവരമുള്ളവരില്‍ നിന്ന് പഠിച്ചറിയേണ്ടതുണ്ട്. നോമ്പിന്റെ രാപകലുകള്‍ ഖുര്‍ആന്‍ പാരായണം, ദൈവ സ്മരണ, പഠനം, പരസഹായം, കുടുംബ ബന്ധം ചേര്‍ക്കല്‍ തുടങ്ങിയ സല്‍കര്‍മ്മങ്ങള്‍ക്കായി നീക്കി വെക്കണം. അനാവശ്യ വൃത്തികളില്‍ നിന്നും അവന്‍ പൂര്‍ണമായും മാറിനില്‍ക്കുകയും വേണം. നബി (സ) പഠിപ്പിച്ചു: ""നിങ്ങളുടെ വ്രതനാളുകള്‍ സമാഗതമായാല്‍ സഭ്യേതര സംസാരങ്ങളോ അനാവശ്യ വൃത്തികളോ അവിവേകമോ പാടില്ല. ഇനി ആരെങ്കിലും ഇങ്ങോട്ട് അവിവേകം കാണിച്ചാല്‍ തന്നെ അവന്‍ "ഞാന്‍ നോമ്പുകാരനാണ്' എന്ന് മറുപടി പറയട്ടെ''.
നോമ്പുകാരെ സ്വീകരിക്കാന്‍ റയ്യാന്‍ എന്ന സ്വര്‍ഗ കവാടമാണ് തയാറായി നില്‍ക്കുന്നത്. ""സ്വര്‍ഗത്തിന് റയ്യാന്‍ എന്ന പ്രത്യേക കവാടമുണ്ട്. അതിലൂടെ നോമ്പുകാര്‍ വിളിക്കപ്പെടും. അങ്ങനെ നോമ്പുകാര്‍ അതില്‍ പ്രവേശിക്കും. അതിലൂടെ പ്രവേശിച്ചവര്‍ക്ക് പിന്നീടൊരിക്കലും ദാഹിക്കുകയില്ല''.
ആ വിധം പാപമോചനവും സ്വര്‍ഗ പ്രവേശവും ലഭിക്കുന്നതിനായി നാം പ്രയത്നിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക