കൊണ്ടോട്ടി: വിദേശത്ത് നിന്നെത്തിയ യുവാവിനൊപ്പം വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ കാറിടിച്ച് പിതാവും രണ്ട് ആണ്‍മക്കളുമടക്കം അഞ്ചുപേര്‍ മരിച്ചു.
ചേലേമ്പ്ര പനയപ്പുറം കിളിയങ്ങാട് കുറ്റിയില്‍ അരു സെയ്താലി (70), മക്കളായ അബൂബക്കര്‍ (34), മുഹമ്മദ് ബഷീര്‍ (30), സെയ്താലിയുടെ മകളുടെ മകളുടെ ഭര്‍ത്താവ് പനയപ്പറമ്പ് അമ്പായത്തിങ്ങല്‍ നൗഫല്‍ (25), മുഹമ്മദ്ബഷീറിന്റെ മകന്‍ സാദിഖ് (ഒമ്പത്) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്ന എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ കൊട്ടപ്പുറം കാക്കഞ്ചേരി റോഡില്‍ പാണ്ടിയാട്ടുപുറത്താണ് അപകടം നടന്നത്. ജിദ്ദയില്‍നിന്ന് അവധിക്ക് നാട്ടിലെത്തിയ ബഷീറിനേയുംകൂട്ടി വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. നൗഫല്‍ ആണ് ഓട്ടോ ഓടിച്ചിരുന്നത്. കാക്കഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ വലതുഭാഗത്താണ് കാര്‍ ഇടിച്ചത്. ഒന്നിലേറെ തവണ ഓട്ടോറിക്ഷ തലകീഴായ് മറിഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചത്.
ബഷീറിന്റെ ഭാര്യ മൈമൂന (30), മക്കളായ സാബിദ് (6), മുബഷിര്‍ (5), നൗഫലിന്റെ ഭാര്യ ആയിഷാബി (20), കാറില്‍ സഞ്ചരിച്ച പള്ളിക്കല്‍ബസാര്‍ പറമ്പില്‍ ജുനൈദ് (21), രതീഷ് (22), ഹക്കീം (24), ജാബിര്‍ (21) എന്നിവരാണ് പരിക്കുകളോടെ മെഡിക്കല്‍ കോളേജാസ്പത്രിയിലുള്ളത്.
ഖദീജയാണ് സൈതലവിയുടെ ഭാര്യ. ബീഫാത്തിമ, സൈനബ, നഫീസ എന്നിവരാണ് മറ്റുമക്കള്‍. സൗദയാണ് അബൂബക്കറിന്റെ ഭാര്യ. മക്കള്‍: അസ്‌ലം, മുഹമ്മദ് അസ്‌ലഹ്, അഫ്‌സല്‍, അസ്‌ല. മൈമൂനയാണ് മുഹമ്മദ് ബഷീറിന്റെ ഭാര്യ. മക്കള്‍: സാദിഖ്, സാബിത്, മുബശിര്‍.
ബീഫാത്തിമയുടെ മകള്‍ ആയിഷാബിയുടെ ഭര്‍ത്താവാണ് നൗഫല്‍. അഞ്ചുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ചേലേമ്പ്ര ചേലൂപാടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഫല്‍ കക്കോവ് സ്വദേശിയാണ്. മുഹമ്മദാണ് നൗഫലിന്റെ പിതാവ്.
അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരുലക്ഷം രൂപവീതം മുഖ്യമന്ത്രി ധനസഹായം അനുവദിച്ചതായി കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവ് സംസ്ഥാനസര്‍ക്കാര്‍ വഹിക്കും.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക