അംഗീകാരമുള്ള എയ്ഡഡ് അധ്യാപകര്‍ക്കെല്ലാം ശമ്പളം
* 10503 അധ്യാപകര്‍ക്ക് പ്രയോജനം
* സര്‍ക്കാറിന്റെ അനുമതിയില്ലാതെ നിയമനം പാടില്ല
* സംരക്ഷിത അധ്യാപക സംവിധാനം ഉപേക്ഷിച്ചു; പകരം ടീച്ചേഴ്‌സ് ബാങ്ക്
തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന പതിനായിരത്തിലേറെ എയ്ഡഡ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാനേജ്‌മെന്റുകള്‍ അധ്യാപകരെ നിയമിക്കുന്ന രീതിക്ക് മാറ്റം വരുത്താനും വിദ്യാഭ്യാസ പാക്കേജില്‍ നിര്‍ദേശമുണ്ട്. സ്‌കൂളുകളില്‍ എല്ലാവര്‍ഷവും കുട്ടികളുടെ തലയെണ്ണി അധ്യാപകരെ എണ്ണം നിശ്ചയിക്കുന്ന രീതിയും ഇതോടെ അവസാനിക്കുകയാണ്.
നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം എയ്ഡഡ് മേഖലയില്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്ന 3615 അധ്യാപകരുണ്ട്. ഇവരില്‍ അടിസ്ഥാന യോഗ്യതയില്ലാത്തവരേയും കേസ് നടത്തുന്നവരേയും ഒഴിവാക്കി 2920 അധ്യാപകരേയും 3083 സംരക്ഷിത അധ്യാപകരേയും ഈ വര്‍ഷവും മുന്‍വര്‍ഷങ്ങളിലും തലയെണ്ണല്‍ പ്രകാരം ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ള 4500 പേരേയും ചേര്‍ത്ത് 10,503 അധ്യാപകര്‍ക്കാണ് ഈ വര്‍ഷം അംഗീകാരം നല്‍കുന്നത്. ഈ പട്ടികയില്‍പ്പെട്ടതും ഇപ്പോള്‍ ജോലിചെയ്യുന്നവരുമായ അധ്യാപകര്‍ക്ക് ഈ അധ്യയന വര്‍ഷം തന്നെ ശമ്പളം നല്‍കിത്തുടങ്ങും. കുട്ടികളില്ലാത്ത കാരണത്താല്‍ സര്‍വീസിന് പുറത്ത് നില്‍ക്കുന്നവര്‍ക്ക് വൈകാതെ പുനര്‍നിയമനം നല്‍കും.
ഇതോടെ സംരക്ഷിത അധ്യാപകര്‍ എന്ന സംവിധാനം ഇല്ലാതാകും. വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കുന്നതോടെ അംഗീകരിക്കപ്പെടുന്ന 10,503 അധ്യാപകരെ ഉള്‍പ്പെടുത്തി ടീച്ചേഴ്‌സ് ബാങ്ക് ഉണ്ടാക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതോടെ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ മാറ്റം വരികയാണ്. അഞ്ചാം ക്ലാസ് വരെ ഒരു ക്ലാസില്‍ പരമാവധി 30 കുട്ടികളും ആറുമുതല്‍ 10 വരെ ക്ലാസുകളില്‍ പരമാവധി 35 കുട്ടികളുമാണ് ഇനി ഉണ്ടാവുക. നൂറ്റമ്പത് കുട്ടികളില്‍ കൂടുതലുള്ള എല്‍.പി.സ്‌കൂളുകളില്‍ പുതിയ ഹെഡ് ടീച്ചര്‍തസ്തിക സൃഷ്ടിക്കാനും വിദ്യാഭ്യാസ അവകാശ നിയമം പറയുന്നുണ്ട്. ഇപ്രകാരം അധികം വരുന്ന അധ്യാപക തസ്തികകള്‍ ടീച്ചേഴ്‌സ് ബാങ്കില്‍ നിന്ന് നികത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകളുടെ കീഴിലുള്ള സ്‌കൂളുകളെ ഒറ്റ യൂണിറ്റായി പരിഗണിക്കും. നിയമനാവകാശികളുടെ സിനിയോറിറ്റി ലിസ്റ്റ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനായി മാനേജ്‌മെന്റുകള്‍ നല്‍കണം. എയ്ഡഡ് സ്‌കൂളുകളില്‍ വരുന്ന അധ്യാപക ഒഴിവുകള്‍ അതത് സ്‌കൂളുകളില്‍ നിലവില്‍ ശമ്പളമില്ലാതെ ജോലിചെയ്യുന്ന അധ്യാപകരില്‍ നിന്ന് മുന്‍ഗണനാ ക്രമത്തില്‍ നികത്തണം.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ നിലവിലെ 10,503 അധ്യാപകരില്‍ 1322 പേര്‍ക്ക് എല്‍.പി.സ്‌കൂളിലും 1355 പേര്‍ക്ക് യു.പി.സ്‌കൂളിലും ഹെഡ് ടീച്ചര്‍മാരായി നിയമനം ലഭിക്കും. 641 പേരെ ബി.ആര്‍.സി പരിശീലകരാക്കും. 2752 പേരെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരാക്കും. ശേഷിക്കുന്ന 1297 പേരെ രണ്ട് മാസത്തെ പരിശീലനത്തിനയയ്ക്കും. ഈ രീതിയില്‍ നിയമനം നടത്തിയശേഷം വരുന്ന ഒഴിവുകളുടെ പട്ടിക സര്‍ക്കാറിന് നല്‍കണം. ഈ പട്ടിക സര്‍ക്കാര്‍ അംഗീകരിച്ചാല്‍, പി.എസ്.സി മാതൃകയില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. ഇനി മുതല്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരുടെ ശമ്പളബില്ലുകള്‍ അതത് ഹെഡ്മാസ്റ്റര്‍മാരാകും ഒപ്പിടുക. ബില്‍ ഒപ്പിടാന്‍ എ.ഇ.ഒ ഓഫീസില്‍ കയറിയിറങ്ങുന്നത് ഇതോടെ ഒഴിവാകും.
മന്ത്രിസഭ അംഗീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 2012-13 അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ തലയെണ്ണല്‍ ഉണ്ടാകില്ല. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഓരോ സ്‌കുളിലും അനുവദിക്കപ്പെട്ട തസ്തികകള്‍ അംഗീകൃത പോസ്റ്റുകളായി കണക്കാക്കും. 2011 മാര്‍ച്ച് 31 ന് ശേഷമുള്ള ഒരു നിയമനവും അംഗീകരിക്കില്ല. ഈ വര്‍ഷം നിയമിച്ച അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ കണക്കാക്കും. അവരുടെ അംഗീകാരം വരുംവര്‍ഷങ്ങളില്‍ മാത്രമേ പരിഗണിക്കൂ. ഇത്തരം അധ്യാപകരുടെ വിവരങ്ങള്‍ സ്‌കൂളുകള്‍ ഈ മാസം തന്നെ ഓണ്‍ലൈനായി നല്‍കണം. സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാനേജ്‌മെന്റുകള്‍ നടത്തുന്ന ഒരു നിയമനത്തിനും അംഗീകാരം നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും സന്നിഹിതനായിരുന്നു. മുന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, നിലവിലെ സെക്രട്ടറി എം.ശിവശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സമിതിയാണ് പാക്കേജ് തയ്യാറാക്കിയത്.
ഇത്രയധികം അധ്യാപകര്‍ക്ക് ഒറ്റയടിക്ക് അംഗീകാരം നല്‍കുമ്പോള്‍ സര്‍ക്കാറിന് പ്രതിവര്‍ഷം 264 കോടി രൂപയുടെ ബാധ്യതയുണ്ടാകും. എന്നാല്‍ വിവിധ കേന്ദ്രപദ്ധതികളുമായി ബന്ധപ്പെട്ട് ഈ സംരംഭം നടപ്പിലാക്കുമ്പോള്‍ 6.68 കോടിയായി ബാധ്യത കുറയും. സര്‍ക്കാറിന്റെ സമഗ്രവിദ്യാഭ്യാസ പാക്കേജിനെക്കുറിച്ച് മാനേജ്‌മെന്റുകളുമായി ചര്‍ച്ച ചെയ്യാന്‍ ആറ് മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സമിതിയെ മന്ത്രിസഭ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് ചര്‍ച്ച.
കടപ്പാട് : മാത്രഭൂമി
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക