പോര്‍ച്ചുഗീസ് ആക്രമണത്തെ അതിജീവിച്ച ചരിത്രമാണ് കോഴിക്കോട് കുറ്റിച്ചിറയതിലെ മിസ്‌കാല്‍ പള്ളിയുടേത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കമാണ് മിസ്‌കാല്‍ പള്ളി തീവെക്കുന്നതുവരെ എത്തിയത്. 1510 ജനവരി മൂന്നിന് (ഹിജ്‌റ 915 റംസാന്‍ 22-ാം തീയതി) ആയിരുന്നു ആ സംഭവം.
14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കപ്പലുടമയായ നഹൂദമിസ്‌കാല്‍ എന്ന അറബിയാണ് ഈ പള്ളി നിര്‍മിച്ചത്. ഇരുപതിലേറെ ചരക്കുകപ്പലുകള്‍ ഇദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. ചരക്കുകള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി നേര്‍ച്ചകള്‍ നേരുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഭക്തനായിരുന്ന നഹൂദയുടെ നേര്‍ച്ചയുടെയും ആഗ്രഹത്തിന്റെയും ഫലമായാണ് കോഴിക്കോട്ട് വലിയൊരു പള്ളി നിലവില്‍ വന്നത്. കേരളീയ വാസ്തുശൈലിയുടെ ഉദാത്ത മാതൃകയാണ് മിസ്‌കാല്‍പള്ളി.
പൗരാണിക രൂപത്തില്‍ നിലനില്‍ക്കുന്ന കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ രണ്ടു മുസ്‌ലിംപള്ളികളാണ് കുറ്റിച്ചിറ ജുമു അത്ത് പള്ളിയും മുച്ചുന്തി പള്ളിയും. നഗര പൈതൃകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാവുമ്പോള്‍ മിസ്‌കാല്‍ പള്ളിക്കൊപ്പം ഇവയുടെ പ്രാധാന്യവും അംഗീകരിക്കപ്പെടുന്നു.സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുള്ള കുറ്റിച്ചിറ ജുമുഅത്ത് പള്ളി ഒരു കാലത്ത് കോഴിക്കോട്ടെ മതകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കേന്ദ്രമായിരുന്നു.
ഈ പള്ളിയുടെ നിര്‍മാണകാലത്തെക്കുറിച്ച് രേഖകള്‍ ലഭ്യമല്ല. എന്നാല്‍ സഞ്ചാരികളുടെ കുറിപ്പുകളില്‍നിന്നും പള്ളിയിലെ ലിഖിതങ്ങളില്‍നിന്നും ആയിരം വര്‍ഷത്തെ പഴക്കം കല്പിക്കാവുന്നതാണെന്ന് ചരിത്രപണ്ഡിതന്മാര്‍ പറയുന്നു. 1342-ല്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയും 1442-ല്‍ സന്ദര്‍ശിച്ച അബ്ദുറസാഖും ജുമുഅത്ത് പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. ഖാജാ ബദറുദ്ദീന്‍ ശരീഫ് ഹുസൈന്‍ എന്നയാള്‍ 1468-ല്‍ പള്ളിയില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
രണ്ടു നിലാമുറ്റങ്ങളോടുകൂടിയ അകംപള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. പുറംഹാളും ഉമ്മറവും മനോഹരമാണ്. കരിങ്കല്‍ പടികളും പഴയ കാലത്തെ മാര്‍ബിളും ഇവയെ അലങ്കരിക്കുന്നു. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.നൂറ്റാണ്ടുകള്‍ക്കിപ്പുറവും യാതൊരു രൂപഭാവഭേദവും കൂടാതെ നില്‍ക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണ് മുച്ചുന്തിപ്പള്ളി. 1100 വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ഇതിന്റെ നിര്‍മാണ രീതി അതിശയിപ്പിക്കുന്നതാണ്.
കടപ്പാട് - മാത്രുഭൂമി
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക