WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

ഇന്ത്യ പാക് ചര്‍ച്ചയില്‍ പ്രതീക്ഷയുടെ പുതിയ മുഖം anwar paleeri


ഇന്ത്യ പാക് ചര്‍ച്ചയില്‍ പ്രതീക്ഷയുടെ പുതിയ മുഖം
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൗഹൃദശ്രമങ്ങളിലെ നിര്‍ണായക അധ്യായമായിരുന്നു കഴിഞ്ഞ ബുധനാഴ്ച പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ന്യൂഡല്‍ഹിയിലെത്തി വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുമായി നടത്തിയ സംഭാഷണം. സ്വാതന്ത്രyാനന്തര വിഭജനത്തോടെ വ്യത്യസ്ത ധ്രുവങ്ങളിലായിപ്പോയ ഇരു രാജ്യങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ പുതിയ വാതില്‍ തുറക്കാനുതകുന്നതാണ് ഹിനയും കൃഷ്ണയും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് അതിന്റെ വിശദാംശങ്ങളില്‍ നിന്നു മനസ്സിലാകുന്നു. ചെറുപ്പക്കാരിയും സുന്ദരിയുമായ പാക് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം കൂടുതലും തെറ്റായ കാരണങ്ങളാലാണ് മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്. എങ്കിലും വ്യക്തമായ മുന്നൊരുക്കത്തോടെ വന്ന് സൗമ്യമായി സംസാരിച്ച ഹിന റബ്ബാനിയും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഹൃദയവിശാലതയോടെ പ്രതികരിച്ച കൃഷ്ണയും രാഷ്ട്രീയത്തിനതീതമായി ജനതയുടെ പക്ഷമാണ് അവതരിപ്പിച്ചത്. യുദ്ധം രണ്ടായി പിളര്‍ന്നതിനാല്‍ ഇരുപകുതികളിലായിപ്പോയ കശ്മീര്‍ ജനതക്ക് പരസ്പരം കൂടുതലിടപഴകാനുള്ള അവസരങ്ങള്‍ നല്‍കുന്ന പദ്ധതികള്‍ ഏതു കോണില്‍ നിന്നു നോക്കിയാലും സ്വാഗതാര്‍ഹം തന്നെയാണ്.
പാകിസ്താന്റെ വിദേശകാര്യമന്ത്രി എന്ന ഔദ്യോഗിക പദവിക്കപ്പുറം കടന്ന് ഹിനയെ വിശേഷിപ്പിക്കുകയും വാഴ്ത്തുകയും ചെയ്ത മാധ്യമങ്ങള്‍ ഇന്ത്യപാക് സംഭാഷണത്തെ ബഹുനിറം ചേര്‍ത്ത് പൊലിപ്പിച്ചിട്ടുണ്ടെങ്കില്‍, പാകിസ്താന്‍ അത് മുന്‍കൂട്ടിക്കണ്ടിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ആഭ്യന്തര കലഹങ്ങള്‍കൊണ്ടും ഭീകരവാദം കൊണ്ടും പരുക്കനായ പാകിസ്താന്റെ പ്രതിച്ഛായ ലോകതലത്തില്‍ മൃദുപ്പെടുത്തുന്നതിനാണ് 34കാരിയായ ഹിന റബ്ബാനിയെ വിദേശകാര്യമന്ത്രിയാക്കുന്നത് എന്നൊരു സൂചന നേരത്തെ പാക് പ്രസിഡണ്ട് ആസിഫ് അലി സര്‍ദാരി തന്നെ നല്‍കിയതാണ്. മാനേജ്മെന്റ് സയന്‍സില്‍ ബിരുദവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള ഹിന, വിട്ടുവീഴ്ചയില്ലാത്ത സംഭാഷണവും പരുക്കന്‍ സ്വഭാവവുമുള്ള പാക് വിദേശകാര്യമന്ത്രിമാരുടെ വാര്‍പ്പുമാതൃകയില്‍നിന്നു വേറിട്ടു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് സര്‍ദാരി കരുതിയെങ്കില്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. മാധ്യമങ്ങള്‍ തനിക്കുനല്‍കുന്ന അമിത പരിഗണനയെപ്പറ്റി വളരെ ബുദ്ധിപൂര്‍വം "എന്റെ വ്യക്തിപ്രഭാവം കൊണ്ടല്ല, ഞാന്‍ പാകിസ്താനില്‍ നിന്നു വന്നതുകൊണ്ടാണ് എനിക്കീ പരിഗണന കിട്ടുന്നത്'' എന്നാണ് അവര്‍ പ്രതികരിച്ചത്. സംഭാഷണത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ കശ്മീരിനെപ്പറ്റി ഒരുവാക്കു പോലും മിണ്ടാതെ ഹിന അത്ഭുതപ്പെടുത്തി. പരസ്പര ചര്‍ച്ചകളില്‍ ഇന്ത്യ ഭീകരവാദത്തെപ്പറ്റി പരാമര്‍ശം നടത്തുമ്പോഴൊക്കെ കശ്മീര്‍ വിഷയം എടുത്തിട്ട് വഴിമുട്ടിക്കുന്ന പതിവു പാക്് മന്ത്രിമാരില്‍ നിന്നു വിഭിന്നയാവുകയായിരുന്നു അവര്‍. ആദ്യാന്തം പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയും നടന്ന ചര്‍ച്ചയില്‍ കശ്മീര്‍ ജനതക്കു ഗുണകരമായ യാത്രാ, വാണിജ്യ പദ്ധതികള്‍ക്കു തീരുമാനമായതു കൂടി ഇതിനോട് ചേര്‍ത്തുവായിക്കണം.
ഇന്ത്യന്‍ ജനതയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭീകരവാദത്തെ ഉന്മൂലനം ചെയ്യണമെന്നാണ് ഇന്ത്യ കാലാകാലങ്ങളായി പാകിസ്താനോട് ആവശ്യപ്പെടുന്നത്. പാക് മണ്ണിലെ ഭീകരതാവളങ്ങള്‍ ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന കാര്യം സമീപവര്‍ഷങ്ങളില്‍ എത്രയോ തവണ വ്യക്തമായിട്ടുള്ളതുമാണ്. ഈ പശ്ചാത്തലത്തില്‍ ഹിനകൃഷ്ണ ചര്‍ച്ചക്ക് ആ തലത്തില്‍ പ്രാധാന്യമേറെയുണ്ടായിരുന്നു. ഭീകരവാദം ഇരുരാജ്യങ്ങള്‍ക്കും മേഖലക്കും തന്നെ ഭീഷണിയാണെന്നും അതിനെ ഒന്നിച്ചുനേരിടണമെന്നുമുള്ള ധാരണയിലാണ് ഇന്ത്യപാക് ചര്‍ച്ച എത്തിപ്പെട്ടത്. പതിവുപല്ലവിയായ വാചാടോപം എന്ന് ഈ ധാരണയെ വിശേഷിപ്പിക്കുന്നവര്‍ ഓര്‍ക്കേണ്ട പ്രധാനപ്പെട്ട കാര്യം, പാകിസ്താന്‍ സൈന്യത്തിന്റെ അംഗീകാരത്തോടെയാണ് ഹിന അവിടെ വിദേശകാര്യ മന്ത്രിയായത് എന്നാണ്. ഭീകരവാദത്തെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുപോന്നിരുന്ന പാക് സൈന്യം, മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്കു വെല്ലുവിളിയായി നിന്നേക്കില്ലെന്ന സൂചന കൂടി അതിലടങ്ങിയിരിക്കുന്നു. വിവിധ വിഷയങ്ങളില്‍ അമേരിക്കയുമായി പിണങ്ങിക്കഴിയുന്ന പാകിസ്താന്‍, ആഗോളാടിസ്ഥാനത്തില്‍ പുതിയ വന്‍ശക്തിയായി വളരുന്ന ഇന്ത്യയെ പിണക്കാതെ കാലംകഴിക്കാമെന്ന് കണക്കുകൂട്ടുന്നുണ്ടാവും. ജൂണില്‍ പാകിസ്താന്‍ സന്ദര്‍ശിച്ച വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പാക് വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീറുമായുള്ള ചര്‍ച്ചക്ക് ശേഷം പറഞ്ഞത്, ഭീകരവാദ വിഷയത്തില്‍ പാകിസ്താന്റെ മനസ്സു മാറിയിരിക്കുന്നു എന്നാണ്. ഇന്ത്യപാക് ബന്ധത്തില്‍ പുതുയുഗം തുടങ്ങുന്നതിനാണ് താനെത്തിയിരിക്കുന്നത് എന്ന് ഹിന റബ്ബാനിയും വ്യക്തമാക്കിയിരുന്നു. അതേസമയം, ചൈനയുമായുള്ള പാകിസ്താന്റെ ബന്ധവും കശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളുമായുള്ള ഹിനയുടെ കൂടിക്കാഴ്ചയും ആശങ്കയുണ്ടാക്കുന്നതാണെന്നു പറയാതെ വയ്യ.
അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ബന്ധം ഊഷ്മളമാക്കുന്നതിനു വേണ്ടിയുള്ള അടുത്ത നടപടികളിലേക്കു കടക്കാമെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. അടുത്ത വര്‍ഷാദ്യം പാകിസ്താനില്‍ നടക്കുമെന്ന് കരുതുന്ന അടുത്ത മന്ത്രിതല ചര്‍ച്ചയില്‍ ആണവം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചക്കു വന്നേക്കും. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തവരെ ശിക്ഷിക്കുക, ഭീകരതാവളങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ വാക്കാലല്ലാതെ പ്രവൃത്തിയില്‍ പാകിസ്താന്‍ അംഗീകരിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. സംഭാഷണത്തിനപ്പുറത്തേക്ക് നീളുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാലേ മേഖലയില്‍ സമാധാനം പുലരൂ എന്ന് ഹിനയും കൃഷ്ണയും വ്യക്തമാക്കിയിട്ടുമുണ്ട്.
ആശങ്കകള്‍ക്കിടയിലും പ്രതീക്ഷയുടെ കതിരുകള്‍ തന്നെയാണ് ഹിനയുടെ സന്ദര്‍ശം തരുന്നത്. പത്രസമ്മേളനത്തിനിടെ ഹിനയുടെ മുഖത്തുനോക്കിയുള്ള എസ്.എം കൃഷ്ണയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "നിങ്ങളുടെ വയസ്സിലുള്ളവരാണ് ഇന്ത്യയിലെ പകുതി പേരും. നിങ്ങളുടെ സുഭഗതയിലേക്കു മാത്രമല്ല, നിങ്ങള്‍ കൊണ്ടുവന്ന സിദ്ധാന്തത്തിലേക്കും പുതിയ മനോഭാവത്തിലേക്കുമാണ് അവര്‍ ഉറ്റുനോക്കുന്നത്.' ശരിയാണ്, ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയോളം കയ്യാളുന്ന യുവജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പുലരാന്‍ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയിലൂന്നി മുന്നോട്ടുപോകുമെന്ന് കരുതാം.
 
 
 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക