WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

റമസാന്‍: ഖുര്‍ആനിക മാസം anwar paleeri


റമസാന്‍: ഖുര്‍ആനിക മാസം
ഭൂമി, ആകാശം, ഗ്രഹം, ഗ്രഹപഥം, സൂര്യന്‍, ചന്ദ്രന്‍, കര, സമുദ്രം, പര്‍വ്വതം, കുഴി, നദി, താഴ്വര, സസ്യം, ജീവി, അതീന്ദ്രിയ പദാര്‍ത്ഥങ്ങള്‍ ഇവയടങ്ങുന്ന പ്രപഞ്ചത്തിലേക്ക് വഴിതെളിയിക്കുന്ന അമാനുഷികവും പഠനാര്‍ഹവുമായ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. നിരീക്ഷണവും ഗവേഷണവും നടത്തി ഇവയില്‍ അന്തര്‍ഭൂതങ്ങളായ പരശ്ശതം ദൈവിക യാഥാര്‍ത്ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ സ്രഷ്ടാവ് ആജ്ഞാപിക്കുന്നു. ഖുര്‍ആന്‍ പഠനവും പാരായണവുമായി കഴിയാന്‍ നിമിത്തമാവണം, ആസന്നമായ റമസാന്‍ മാസം.
പ്രപഞ്ചത്തിലെ അനേക കോടി വസ്തുക്കളില്‍ ചെറിയൊരു ജീവിയാണ് മനുഷ്യന്‍. മനുഷ്യേതരങ്ങളായ പരശ്ശതം ജീവികള്‍ വേറെയുമുണ്ട്. അവക്ക് മനുഷ്യരെപ്പോലെ പ്രത്യേക സാമ്രാജ്യമുണ്ട്. ഭൂമിയില്‍ നടക്കുന്ന ജീവിയും ഇരു ചിറകുകള്‍കൊണ്ട് പറക്കുന്ന പറവയും നിങ്ങളെപ്പോലെ സമുദായങ്ങളാണ് (അല്‍ അന്‍ആം:38)
മനുഷ്യന്‍ അല്ലാഹുവെ ആരാധിക്കാന്‍ കല്‍പ്പിക്കപ്പെട്ടു. വ്യവസ്ഥാപിതമായ ദൈവാരാധനയാണ് മനുഷ്യന്റെ ധര്‍മ്മം. മനുഷ്യരെപ്പോലെ ഇതര ജീവികളും അല്ലാഹുവിനെ ആരാധിക്കുന്നുണ്ട്. പക്ഷെ, മനുഷ്യരുടേതുപോലെ വ്യവസ്ഥാപിതമോ നിയമാധിഷ്ഠിതമോ അല്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും ചിറകുകള്‍ നിവര്‍ത്തിപ്പിടിച്ച പറവകളും അല്ലാഹുവിന് കീര്‍ത്തനം ചൊല്ലുന്നുവെന്ന് താങ്കള്‍ അറിഞ്ഞിട്ടില്ലേ. എല്ലാ ഓരോന്നിന്റെ നിസ്ക്കാരവും കീര്‍ത്തനവും അല്ലാഹു അറിഞ്ഞിട്ടുണ്ട്. (അന്നൂര്‍: 41)
കരജീവികള്‍, കടല്‍ജീവികള്‍, ഉഭയജീവികള്‍, ആകാശ ജീവിതം ശീലിച്ച പറവകള്‍, വന്യമൃഗങ്ങള്‍, മനുഷ്യരുമായി ഇണങ്ങുന്ന ജീവികള്‍, പ്രാണികള്‍ എന്നിവയെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇവയെക്കുറിച്ചു ഗവേഷണം നടത്തി ദൈവാസ്തിക്യം തെളിയിക്കാനാണിവ പ്രതിപാദിച്ചിരിക്കുന്നത്. വന്‍ജീവികളായ ആന, ഒട്ടകം തുടങ്ങിയവയും മനുഷ്യ നേത്രങ്ങള്‍ക്ക് അപ്രാപ്യമായ ബാക്ടീരിയകളും ഇതിലുണ്ട്. മോട്ടോര്‍ വാഹനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പ് കാടും മേടും താണ്ടി വര്‍ഷങ്ങള്‍ നീണ്ടുനിന്നിരുന്ന യാത്ര, മനുഷ്യ ജീവിത്തിനാവശ്യമായ മാംസം, പാല്‍, രോമം, അംസ്കൃത പദാര്‍ത്ഥങ്ങളായ ചാണകം, തോല്‍, ഔഷധമൂല്യമുള്ള തേന്‍ തുടങ്ങിയവ മനുഷ്യജീവിതം ധന്യമാക്കുന്നതില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യ സവിശേഷതകളായ ശക്തി, അശക്തി, ബുദ്ധി, അജ്ഞത, അഭിമാനം, ദുരഭിമാനം, സൗന്ദര്യം, വൈരൂപ്യം, ഉന്മേഷം, വെറുപ്പ് എന്നിത്യാദി അവസ്ഥാ ഭേദങ്ങളെക്കുറിച്ചുള്ള ഒരു പഠനം കൂടിയാണ് ഇതരജീവികളെക്കുറിച്ചുള്ള പ്രതിപാദ്യം. ചരിത്രാതീത കാലം മുതല്‍ക്കുതന്നെ മനുഷ്യന്‍ ജീവികളെ സന്തം ആവശ്യങ്ങള്‍ക്കുവേണ്ടി മെരുക്കി എടുത്തിരുന്നു. ആദിമ മനുഷ്യര്‍ക്ക് അജ്ഞേയങ്ങളായ പലതിലും മാര്‍ഗ്ഗദര്‍ശനം നല്‍കിയതും ഇതരജീവകളായിരുന്നു. ആദംനബിയുടെ സന്തതികള്‍ക്കിടയില്‍ നടന്ന കൊലപാതകത്തെതുടര്‍ന്ന് മൃതശരീരം മറവുചെയ്യാന്‍ മാര്‍ഗ്ഗദര്‍ശനം നല്‍കിയതു ഒരു കാക്കയായിരുന്നുവെന്ന് ഖുര്‍ആന്‍ വിവരിക്കുന്നു. അപ്പോള്‍ തന്റെ സഹോദരന്റെ ശവം എങ്ങനെ മറവുചെയ്യണമെന്നു അവന് കാണിച്ചു കൊടുക്കാനായി ഭൂമിയില്‍ (കൊക്കുകൊണ്ടും കാലുകള്‍കൊണ്ടും മണ്ണുമാന്തി പിളര്‍ത്തുന്ന (എന്നിട്ടുശവമായി കിടന്ന മറ്റൊരു കാക്കയെ അതില്‍ മറവുചെയ്യുകയും ചെയ്തു) ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: ഹാ കഷ്ടം! ഈ കാക്കയെപ്പോലെ ആകുവാനും എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുവാനും ഞാന്‍ അശക്തനായല്ലോ, തന്നിമിത്തം അവന്‍ വേദക്കാരില്‍ പെട്ടവനായിതീര്‍ന്നു. (അപ്രകാരം അവരും കുഴിയുണ്ടാക്കി മറവുചെയ്തു) (അല്‍മാഇദ:31)
മനുഷ്യര്‍ക്ക് ഇതരജീവികള്‍ പലതിലും മാതൃക സൃഷ്ടിച്ചിട്ടുണ്ട്. ഭക്ഷണ സമ്പാദനം, സഹനശീലം, തൊഴില്‍ പരിശീലനം, വീടുനിര്‍മ്മാണം, അതിന്റെ ക്ഷേത്ര ഗണിതം, കുടുംബജീവിതം, വിശുദ്ധി ഇങ്ങനെ പലതിലും
പ്രഭാതം വിടരുന്നതോടെ പക്ഷികള്‍ ആകാശത്തുകൂടെ ശീഘ്രഗതിയില്‍ ഭക്ഷണം തേടി പറന്നകലുന്നതു കാണാം. സൂര്യാസ്തമയത്തോടെ അവ ലക്ഷ്യം പിഴക്കാതെ തിരിച്ചുകൂട്ടിലെത്തും. സ്വന്തമായി കൃഷിയോ, കൃഷിയിടമോ ഇല്ലാത്ത ഇവ എവിടെനിന്നാണ് നിത്യം ഭക്ഷണം ശേഖരിക്കുന്നത്. ബുദ്ധിയുള്ള മനുഷ്യന് ഇതില്‍ പാഠമുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പറന്നു വരുന്ന ദേശാടനപക്ഷികള്‍ ആഹാരം മാത്രമല്ല നിലനില്‍പും ലക്ഷ്യമാക്കുന്നില്ലേ?
സുരക്ഷിതമായ വൃക്ഷച്ചില്ലകളിലോ മറ്റോ അവ പണിയുന്ന കൊച്ചുകൂര എന്തുമാത്രം കമനീയമല്ല. ഉണങ്ങിയ വൃക്ഷച്ചില്ലകളും പുല്‍കൊടികളുമാണ് ആ വീടുകളുടെ നിര്‍മ്മാണ വസ്തുക്കള്‍. ദുര്‍ബ്ബലമെങ്കിലും മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി കഴിഞ്ഞുകൂടാന്‍ അവ പര്യാപ്തങ്ങളായിരിക്കും. സന്താനോല്‍പാദനവും സംരക്ഷണവും ഭക്ഷണശേഖരവും ഒക്കെ അതിനകത്തുതന്നെ. അല്ലലും അലട്ടലുമില്ലാതെ അവ അതിനകത്ത് സ്വൈരമായി ജീവിക്കുന്നു.
ഉറുമ്പും തേനീച്ചയും മനുഷ്യദൃഷ്ടിയില്‍ രണ്ടു നിസ്സാര ജീവികളാണ്. അവയെക്കുറിച്ച് പഠിക്കാന്‍ ഖുര്‍ആന്‍ പ്രത്യേകം ഉത്ബോധിപ്പിക്കുന്നുണ്ട്. ദൈവ നിഷേധികളുടെ മനസ്സ് മാറ്റാന്‍ അവയുടെ പഠനം ഉപകരിക്കും. അവയില്‍ അത്യാകര്‍ഷകമായ ഒന്നാണ് തേനീച്ചക്കൂട്. സാങ്കേതിക പരിജ്ഞാനം കൊണ്ടോ ശാസ്ത്രീയ ഗവേഷണങ്ങള്‍ കൊണ്ടോ സാധ്യമല്ലാത്തവിധം ഈ ജീവികള്‍ പണിയുന്ന ഭവനങ്ങളില്‍ പരശ്ശതം ദൈവിക ദൃഷ്ടാന്തങ്ങളുണ്ട്. അവക്കകത്തെ അറകളും അറകളില്‍ തേന്‍ നിക്ഷേപിക്കുന്നതും ആധുനിക രീതിയില്‍ പുറത്തിറങ്ങുന്ന എെസ്ബോക്സുകളെപ്പോലും പരാജയപ്പെടുത്തുന്ന മട്ടിലാണ്. മൈലുകള്‍ പറന്ന് പൂക്കളില്‍ നിന്നു തേന്‍ ശേഖരിച്ചു വഴിതെറ്റാതെ ലക്ഷ്യസ്ഥാനത്ത് തിരിച്ചെത്തുന്നത് എന്തുമാത്രം അത്ഭുതകരമല്ല. തേനീച്ചക്കൂട് പോലെയൊന്ന് അത്രവേഗത്തിലും ഭംഗിയിലും നിര്‍മ്മിക്കാന്‍ മനുഷ്യര്‍ക്കാവില്ല. അത്രമാത്രം സങ്കീര്‍ണ്ണവും കൃത്യവുമാണതിന്റെ ഘടന. ശീതകാലത്തേക്കാവശ്യമായ ഭക്ഷണം ഗ്രീഷ്മകാലത്ത് സംഭരിക്കുന്ന ജീവികളാണ് ഉറുമ്പുകള്‍. മാളത്തിനു ചുറ്റുവട്ടത്തെവിടെയെങ്കിലും ഭക്ഷണമുണ്ടെങ്കില്‍ അവ മണത്തറിയാന്‍ ഉറുമ്പുകള്‍ക്ക് പ്രത്യേകം ഘ്രാണശേഷിയുണ്ട്. അവയുടെ ഭക്ഷണ ശേഖരവും ഇരയന്വേിക്കുന്നവര്‍ അത് കണ്ടെത്തിയാല്‍ നല്‍കുന്ന സൂചനകളും അവയുടെ സാമൂഹ്യബോധവും കുടിലചിത്തരായ മനുഷ്യര്‍ക്ക് ചിന്തോദ്ദീപകങ്ങളാണ്. മുളവരാനിടയുള്ള നെല്‍മണികള്‍ രണ്ട് പിളര്‍പ്പാക്കിയും മല്ലി പോലുള്ളവ നാല് പിളര്‍പ്പാക്കിയുമാണ് ഉറുമ്പുകള്‍ മാളങ്ങളില്‍ സൂക്ഷിക്കുന്നത്.
മനുഷ്യനുമായി ഇണങ്ങി ജീവിക്കുന്നൊരു വീട്ടു ജീവിയാണ് പൂച്ച. അതിന്റെ നാനാതരം പ്രവര്‍ത്തനങ്ങളെപറ്റി നാം ചിന്തിക്കാറില്ല. വെള്ളത്തോട് പരിപൂര്‍ണ അവജ്ഞയുള്ള ആ ജീവി അതിന്റെ മലിനശരീരം ശുദ്ധിയാക്കുക നാവും കൈകളുംകൊണ്ടാണ്. ഇത്തരത്തിലുള്ള ജീവികളുടെ ഇവ്വിധം പ്രവര്‍ത്തനങ്ങളാണ് മനുഷ്യര്‍ക്ക് മാതൃക സൃഷ്ടിച്ചത്.

ഖുര്‍ആനിലെ കുതിര
ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ കുതിരയെക്കുറിച്ച് പ്രതിപാദ്യമുണ്ട്. നഹ്ല് സൂറയില്‍ യാത്രക്കുപയോഗിക്കുന്ന മൂന്ന് മൃഗങ്ങളെക്കുറിച്ച് വിവരിക്കുന്നു. അവയിലൊന്ന് കുതിരയാണ്. കുതിരയെയും കോവര്‍ കഴുതയെയും കഴുതയെയും (അവന്‍ സൃഷ്ടിച്ചു). നിങ്ങള്‍ അതിന്മേല്‍ യാത്ര ചെയ്യുന്നതിനും ഭംഗിക്കായും.
അന്‍ഫാല്‍ സൂറയിലും വേറൊരു രീതിയില്‍ കുതിരയെക്കുറിച്ച് വിവരിക്കുന്നുണ്ട്. അവരുമായുള്ള (സമരത്തിന്) നിങ്ങളുടെ കഴിവനുസരിച്ച് ശക്തി സംഭരിക്കുക. അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെ നിങ്ങള്‍ അറിയാത്തതും എന്നാല്‍ അല്ലാഹു അറിയുന്നതുമായ മറ്റു പലരെയും (കപടവിശ്വാസികളും ജൂതരും) ഭയപ്പെടുത്തും വിധം പടക്കുതിരയെയും സജ്ജീകരിക്കുക. (അല്‍ അന്‍ഫാല്‍:60) കിതച്ചു ചീറ്റിപ്പായുന്ന (കുതിരകളെ കൊണ്ട് സത്യം) കുളമ്പുകള്‍ തട്ടിയുരച്ചു (രാത്രി പാറയിലൂടെ നടക്കുമ്പോള്‍) അഗ്നി പുറപ്പെടുവിക്കുന്ന കുതിരകളെ കൊണ്ടും പ്രഭാതത്തില്‍ (ശത്രുക്കളെ) കടന്നാക്രമിക്കുകയും പൊടിപടലം ഉതിര്‍ക്കുകയും ശത്രുമധ്യത്തില്‍ ചെല്ലുകയും ചെയ്യുന്ന കുതിരകളെകൊണ്ട് സത്യം (വല്‍ആദിയാത്ത്: 15).

1 comments:

അജ്ഞാതന്‍ പറഞ്ഞു...

നല്ല ആര്‍ട്ടിക്ക്ള്‍...ഇതുപോലുള്ള മതപരമായ വാര്‍ത്തകള്‍ ഇനിയും പ്രതീക്ഷിക്കുന്നു
ഉസ്മാന്‍ പാലേമാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക